
സുൽത്താൻ ബത്തേരി : ക്ലാസ്മുറിയിൽ പാമ്പുകടിയേറ്റു മരണപ്പെട്ട ഷെഹല ഷെറിൻ പഠനം നടത്തിയ ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂൾ നവീകരിക്കാനും, വിദ്യാർത്ഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജീകരിക്കാനും കോഴിക്കോട് ജാമിഅ മർകസ് സഹകരിക്കുമെന്ന് മർകസ് നോളജ് സിറ്റി ഡയറക്ടർ ഡോ.അബ്ദുൽ ഹകീം അസ്ഹരി അറിയിച്ചു. സ്കൂളിലെത്തി നാട്ടുകാരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളിലെ പരിമിതികൾ നേരിട്ട് മനസ്സിലാക്കി. മികച്ച അക്കാദമിക അന്തരീക്ഷവും ഭൗതിക സാഹചര്യങ്ങളും സ്കൂളുകളിൽ ഉണ്ടാവുമ്പോഴാണ് പ്രതിഭകളായ കുട്ടികൾ രൂപപ്പെടുന്നത്. അധ്യാപകർ സ്വന്തം മക്കളെപ്പോലെ വേണം പഠിപ്പിക്കുന്ന കുട്ടികളെ കാണാൻ. എന്നാൽ ബത്തേരി സ്കൂളിൽ അതിനു വിരുദ്ധമായ സമീപനം ചില അധ്യാപകരിൽ നിന്നുണ്ടായത് ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ കാരണമാക്കി. ഇനിയൊരിക്കലും വേദനാജനകമായ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ എല്ലാവരും ജാഗ്രത കാണിക്കണം. ഓരോ പ്രദേശത്തെയും സ്കൂളുകൾ ഏറ്റവും നന്നായി സംരക്ഷിക്കാനും പരിപാലിക്കാനും നാട്ടുകാരും, ജനപ്രതിനിധികളും, അധ്യാപകരും മുന്നിൽ നിൽക്കണം : ഡോ. അസ്ഹരി പറഞ്ഞു.

തുടർന്ന് ആശ്വാസവചനങ്ങളുമായി ഷഹ്ലയുടെ വീട്ടിലെത്തിയ ഡോ.അസ്ഹരി പിതാവ് അഡ്വ. അസീസിനെയും കുടുംബാംഗങ്ങളെയും സമാധാനിപ്പിച്ചു. ഷെഹ്ലക്ക് വേണ്ടി വീട്ടിൽ പ്രാർത്ഥനയുംവീട്ടിൽ നടത്തി. മർകസ് പ്രതിനിധികളായ സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ, റശീദ് പുന്നശ്ശേരി എന്നിവർ അനുഗമിച്ചു.