ബാബരി വിധിയില്‍ പുനഃപരിശോധന വേണം: കാന്തപുരം

0
3796
SHARE THE NEWS

ബാബരി മസ്ജിദ് കേസിലെ വിധിയില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. കോടതികള്‍ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ വലിയൊരു ആശാകേന്ദ്രമാണ്. പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോഴും വ്യക്തികളും സമുദായങ്ങളും തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോഴും നിയമങ്ങളില്‍ പലതരം വ്യാഖ്യാനങ്ങളുണ്ടാകുമ്പോഴുമെല്ലാം ഏറ്റവും ശരിയായ തീര്‍പ്പ് കല്‍പ്പിക്കേണ്ട ഉത്തരവാദിത്വം നീതിപാഠങ്ങളാണ് നിര്‍വഹിക്കുന്നത്. ജനാധിപത്യവ്യവസ്ഥയുടെ ഏറ്റവും പ്രധാന ഘടകമാണ് നീതിന്യായ വിഭാഗം. അത്കൊണ്ട് അത് പുറപ്പെടുവിക്കുന്ന വിധികളെ മാനിക്കാനുള്ള ബാധ്യത പൗരന്‍മാര്‍ക്കുണ്ട്. ആ വിധികളെ നിരാകരിക്കാന്‍ കഴിയില്ല. അതേസമയം വിധികളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ പൗരന്‍മാര്‍ക്ക് സാധിക്കും.

ആ അര്‍ഥത്തില്‍, ഈയിടെയുണ്ടായ ബാബരി മസ്ജിദ് വിധി വിശകലനം ചെയ്യുമ്പോള്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കാനാകും. ഈ വിധിയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ നിരാശരാണ്. 1949ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹം കൊണ്ടുവെച്ചത് തെറ്റെന്ന് സുപ്രീം കോടതി പറയുകയുണ്ടായി. 1992ല്‍ പള്ളി പൊളിച്ചത് തെറ്റെന്നും പള്ളി നിര്‍മിച്ചത് ക്ഷേത്രം പൊളിച്ചാണെന്നതിന് തെളിവില്ലെന്നും കോടതി കണ്ടെത്തി. പിന്നെ എങ്ങനെ ഇതുപോലൊരു വിധി വന്നു? ഈ ചോദ്യമുയരുന്നത് കൊണ്ടാണ് വിധി നിരാശാജനകം എന്ന് പറയുന്നത്. അതുകൊണ്ട് സുപ്രീം കോടതി തന്നെ ഇപ്പോഴത്തെ വിധിയില്‍ പുനരാലോചന നടത്തേണ്ടതുണ്ട്.

മുസ്ലിംകള്‍ എല്ലാ വിഷയങ്ങളിലും നിയമപരമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നത്. വൈകാരികമായ നീക്കങ്ങള്‍ രാജ്യത്തെയും മുസ്ലിം സമൂഹത്തെയും മുന്നോട്ട് നയിക്കാനുതകില്ല. മാത്രമല്ല, ഇസ്ലാമും മുസ്ലിംകളും മധ്യമ മാര്‍ഗത്തെയാണ് മുന്നോട്ട് വെക്കുന്നത്. കോടതിവിധിയുടെ കാര്യത്തിലും അത് തന്നെയാണ് രാജ്യത്തുടനീളം കണ്ടത്. അങ്ങേയറ്റത്തെ സംയമനത്തോടെ എല്ലാവരും വിധിയെ മാനിച്ചു.

ബഹുസ്വരതയും വൈവിധ്യവുമാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തി. നാനാത്വത്തില്‍ ഏകത്വം എന്നതാണ് ഇന്ത്യയുടെ സവിശേഷത. ആ പാരമ്പര്യത്തിന് വിഘാതമാകുന്ന ഒന്നും സമുദായങ്ങളുടെയോ ഭരണകര്‍ത്താക്കളുടെയോ നീതിപീഠങ്ങളുടെയോ നിയമനിര്‍മാണ സഭകളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാകാതെ നോക്കണം. സൗഹൃദം ഊട്ടിയുറപ്പിക്കുന്ന നടപടികളാണ് ഉണ്ടാകേണ്ടത്. രാജ്യത്തിന്റെ അഖണ്ഡത ശക്തമായി നിലനില്‍ക്കണം. അതിന് വിവിധ മതവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. പിന്നാക്കം നില്‍ക്കുന്നവരെ കൈപിടിച്ചുയര്‍ത്തണം. നിയമവ്യവസ്ഥ എല്ലാവരോടും നീതി ചെയ്യണം. എല്ലാ വിഭാഗങ്ങളെയും ദേശീയധാരയില്‍ ചേര്‍ത്ത് നിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കണം.

‘സുസ്ഥിര സമൂഹം, സുഭദ്ര രാഷ്ട്രം’ എന്ന ശീര്‍ഷകത്തില്‍ 2020 ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന മര്‍കസ് നാല്പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മില്യണ്‍ വൃക്ഷത്തൈ നടുന്നതിന്റെ ദേശീയ തല ഉദ്ഘാടനം ഡല്‍ഹിയില്‍ നടക്കുകയുണ്ടായി. ‘നമുക്കൊരുമിച്ച് ഒരു രാഷ്ട്രത്തെ നട്ടുവളര്‍ത്താം’ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന കാമ്പയിനിലൂടെ രാജ്യത്താകെ പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ നല്‍കുക എന്നതാണ് മര്‍കസ് ഉദ്ദേശിക്കുന്നത്.


SHARE THE NEWS