ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനും പണ്ഡിതനുമായ ഡോ.മുഷ്‌റഫ്‌ ഹുസൈന്‍ ഖത്മുല്‍ ബുഖാരിയിലെ മുഖ്യാതിഥി

0
754

കാരന്തൂര്‍: പ്രശസ്‌ത ബ്രിട്ടീഷ്‌ പണ്ഡിതനും എഴുത്തുകാരനും ശാസ്‌ത്രജ്ഞനുമായ ഡോ.മുഷ്‌റഫ്‌ ഹുസൈന്‍ മര്‍കസ്‌ ഖത്മുല്‍ ബുഖാരി സംഗമത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ബ്രിട്ടനിലെ ഇരുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായ കരീമിയ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സ്ഥാപകനായ ഇദ്ദേഹം ആസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബയോകെമിസ്‌ട്രിയില്‍ 1984ല്‍ പി.എച്ച്‌.ഡി നേടിയ ശേഷം ആറു വര്‍ഷം നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌സൈന്റിസ്‌റ്റായി പ്രവര്‍ത്തിച്ചു.
ഈ കാലത്താണ്‌ ഇസ്‌ലാമിക വിജ്ഞാന ശാസ്‌ത്രത്തോട്‌ വലിയ താല്‍പര്യം മുഷ്‌റഫില്‍ രൂപപ്പെട്ടത്‌. തുടര്‍ന്ന്‌ പാക്കിസ്ഥാനില്‍ നിന്നും ഈജിപ്‌തിലെ അല്‍-അസ്‌ഹറില്‍ നിന്നും ഇസ്‌്‌ലാമിക വിജ്ഞാനത്തില്‍ ആഴത്തില്‍ പഠനം നടത്തി. 1997 മുതല്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ യഥാര്‍ത്ഥ ഇസ്‌ലാമിക വിശ്വാസം പ്രചരിപ്പിക്കാന്‍ നിരന്തരം ട്രൈനിംഗ്‌ ക്യാമ്പുകള്‍ സംഘടിപ്പിച്ചു.
ഇസ്‌്‌ലാമിക വിശ്വാസം, തസവ്വുഫ്‌, കര്‍മ ശാസ്‌ത്രം തുടങ്ങിയ വിഷയങ്ങളില്‍ ഇംഗ്ലീഷില്‍ 30 ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌ ഡോ.മുഷ്‌റഫ്‌. അദ്ദേഹത്തിന്റെ ഇസ്‌ലാം ആന്റ്‌ റിലീജിയന്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്‌ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റി പ്രസ്സാണ്‌.
മത പണ്ഡിതന്‍മാര്‍ക്കുള്ള വിദഗ്‌ദ പരിശീലനം, ബഹുമത സംവാദങ്ങള്‍, എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകളാണ്‌ ഇദ്ദേഹം നല്‍കിയിട്ടുള്ളത്‌. ഇന്നലെ മര്‍കസിലെത്തിയ ഡോ.മുഷ്‌റഫിനെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വീകരിച്ചു.
ജീവിതത്തിലെ വലിയൊരു അഭിലാഷമായിരുന്നു ശൈഖ്‌ അബൂബക്കറിനെയും അദ്ദേഹത്തിന്റെ സ്ഥാപനവും സന്ദര്‍ശിക്കുക എന്നതെന്നും അത്‌ പൂവണിഞ്ഞത്‌ സന്തോഷമുണ്ടെന്നും ഡോ.മുഷ്‌റഫ്‌ മര്‍കസ്‌ മീഡിയ പ്രതിനിധികളോട്‌ പറഞ്ഞു