ഭരണഘടന തിരുത്തിയെഴുതാനുള്ള നീക്കത്തിന്റെ തുടക്കം: കാന്തപുരം

0
2067

കോഴിക്കോട്: സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം ഭരണ ഘടന തിരുത്തിയെഴുതേണ്ടതുണ്ട് എന്ന പൊതു ധാരണ സൃഷ്ടിക്കാനും അതിനാവശ്യമായ പൊതു സമ്മതി നിർമിക്കാനും ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെന്ന് അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇക്കാര്യത്തിൽ പ്രതിപക്ഷ കക്ഷികൾ ഉൾപ്പടെയുള്ളവർ പാർലമെന്റിനു അകത്തും പുറത്തും നൽകിയ പിന്തുണ ഭരണഘടന ഉറപ്പു നൽകിയ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും എതിരായ നീക്കങ്ങൾ ശക്തമാക്കാൻ സർക്കാരിനു വലിയ ആത്മ വിശ്വാസം നൽകും. ഈ വിഷയത്തിൽ കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് സ്വീകരിക്കാൻ ഉത്തരവാദപ്പെട്ട രാഷ്ട്രീയ കക്ഷികൾക്ക് കഴിഞ്ഞില്ല എന്നത് ഖേദകരമാണ്.

ഇന്ത്യൻ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വങ്ങൾ പരിഹരിക്കാനുള്ള ഭരണഘടനാപരമായ നിലപാട് എന്ന അർഥത്തിലാണ് സംവരണം ഏർപ്പെടുത്തിയിരിക്കുന്നത്. പക്ഷെ, സാമ്പത്തിക സംവരണത്തിലൂടെ അസമത്വം കൂടുതൽ വ്യവസ്ഥാപിതമാവുകയാണ് ഫലത്തിൽ സംഭവിക്കുക. പട്ടിക ജാതി- പട്ടിക വർഗ-മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് പോലും സംവരണം ബാധകമാക്കാത്ത സ്വകാര്യ, അൺ എയ്‌ഡഡ്‌ മേഖലകളിൽ പോലും സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള നീക്കം ഇതിന്റെ ഭാഗമാണ്‌. പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണാനുകൂല്യങ്ങൾ കൈപറ്റുന്നതിന് നിലവിലുള്ള സാമ്പത്തിക പരിധി മാനദണ്ഡം ഉയർത്തണമെന്ന പിന്നോക്ക വിഭാഗങ്ങൾക്കു വേണ്ടിയുള്ള ദേശീയ കമ്മീഷന്റെ നിർദേശം പോലും നടപ്പിൽ വരുത്താത്തവരാണ് യാതൊരുവിധത്തിലുള്ള പ്രായോഗിക പഠന നിർദ്ദേശങ്ങളോ മുന്നൊരുക്കമോ കൂടാതെ സാമ്പത്തിക സംവരണം നടപ്പിലാക്കാൻ ശ്രമിക്കുന്നത്. നിയമ നിർമ്മാണ സഭയിലെ അംഗങ്ങൾക്ക് പോലും ഈ നിയമത്തിന്റെ പൂർണ്ണ രൂപം ആവശ്യമായ ആലോചനക്കും ചർച്ചക്കും അവസരമൊരുക്കും വിധത്തിൽ നേരത്തേ ലഭ്യമാക്കിയില്ല എന്നത് കുറ്റകരമാണ്. ആവശ്യമായ മുൻകരുതലുകളും ചർച്ചകളും ഇല്ലാതെ ബില്ലിനെ അനുകൂലിച്ചു വോട്ടു ചെയ്തവർ ഈ രാജ്യത്തെ ഉൽബുദ്ധരായ പൗരന്മാരോട് കടുത്ത അനീതിയാണ് കാണിച്ചത്. അതേ സമയം ഓ. ബി. സി വിഭാഗങ്ങളെ സമവാരണാനുകൂല്യങ്ങൾ കൈപ്പറ്റുന്നതിൽ നിന്നും വിലക്കുന്ന സാമ്പത്തിക മാന ദണ്ഡങ്ങൾ എടുത്തു കളയാൻ സർക്കാർ തയ്യാറാകുമോ?- കാന്തപുരം ചോദിച്ചു.

സാമൂഹിക നീതി ഉറപ്പു വരുത്തുകയാണ് സംവരണത്തിന്റെ ലക്‌ഷ്യം. അതിനെ സാമ്പത്തിക അസമത്വവുമായി കൂട്ടികെട്ടേണ്ട. സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കേണ്ടത് സർക്കാർ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെയാണ്. ആ മേഖലയിൽ പരാജയപ്പെടുമ്പോഴാണ് സാമ്പത്തിക അസമത്വത്തെയും സാമൂഹിക നീതിയെയും കൂട്ടിക്കുഴക്കുന്നത്. ആവശ്യത്തിനു തൊഴിലോ, സാമ്പത്തിക വളർച്ചയോ നേടാൻ കഴിയാത്തതിൽ ഉയരുന്ന പ്രതിഷേധത്തെ വഴി തിരിച്ചു വിടുകയാണ് ഇതിന്റെയൊക്കെ ലക്‌ഷ്യം. പുതിയ ബില്ലിനെ നിയമപരമായി നേരിടാനുള്ള നീക്കങ്ങൾക്കു സുന്നി സംഘടനകളുടെ ദേശീയ തലത്തിലുള്ള കൂട്ടായ്‌മ പിന്തുണ നൽകും. ഇക്കാര്യത്തിൽ സമാന മനസ്കരുമായി ചർച്ചകൾ നടത്തുമെന്നും കാന്തപുരം അറിയിച്ചു.