
കോഴിക്കോട്: രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും അതിരുകള്‍ക്കപ്പുറത്ത് മനുഷ്യരുട മനസ്സുകളെ ചേര്‍ത്തുനിറുത്തുന്ന വികാരമാണ് ഭാഷകളെന്നു പ്രമുഖ യു.എ.ഇ അറബ് കവി അഹമദ് ഇബ്റാഹീം പറഞ്ഞു. ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനത്തില്‍ മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി മര്‍കസില്‍ സംഘടിപ്പിച്ച അറബി ഭാഷാ സാംസ്കാരിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഭാഷക്കും സവിശേഷമായ വ്യാകരണ -സാഹിത്യ സ്വഭാവങ്ങള്‍ ഉള്ളതോടൊപ്പം മനുഷ്യരുടെ പരസ്പരമുള്ള കുടിയേറ്റങ്ങളും ഇടപഴകലുകളും സംസ്കാരങ്ങളില്‍ അഭിവൃദ്ധി ഉണ്ടാക്കുന്ന പോലെ ഭാഷകളിലും കൊടുക്കല്‍ വാങ്ങലുകള്‍ സാധ്യമാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ വിവിധ ഭാഷകളില്‍ അറബി ഭാഷയുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. കച്ചവടക്കാരും നാഗരിക അന്വേഷികളും യാത്രികരുമായ ഇന്ത്യക്കാരും അറബികളും പുരാതനകാലം മുതല്‍ നടത്തിയ യാത്രകളിലൂടെയാണ് അത് സാധ്യമായത്. ഇപ്പോഴും ഇന്ത്യക്കാര്‍ തൊഴിലാവശ്യാര്‍ത്ഥം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളാണ് അറബി ഔദ്യോഗിക ഭാഷയായ ജി.സി.സി രാഷ്ട്രങ്ങള്‍. അതിനാല്‍, ഇന്ത്യയിലെ ഹിന്ദിയും ഉര്‍ദുവും മലയാളവും അടങ്ങുന്ന ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നൈപുണ്യം ഉള്ളതിനോടൊപ്പം അറബി ഭാഷയിലും
വിനിമയ ശേഷിയുള്ളവരാണ് ഇന്ത്യക്കാര്‍. അത്തരം വളര്‍ച്ച ഓരോ ഭാഷയെയും നവീകരിക്കുന്നു: അദ്ദേഹം പറഞ്ഞു.
മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. കേരളത്തിലെ ശ്രദ്ധേയരായ അറബി എഴുത്തുകാരും മര്‍കസ് ശരീഅ കോളജിലെ പ്രഫസര്‍മാരുമായ അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ഡോ. അബ്ദുല്‍ ഹകീം സഅദി കരുനാഗപ്പള്ളി എന്നിവരെ വേദിയില്‍ ആദരിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര് പ്രാര്‍ത്ഥന നടത്തി. ഡോ. അബ്ദുനാസര്‍ വാണിയമ്പലം, ഡോ.അബ്ദുല്‍ ഗഫൂര്‍ ഖാസിമി, സി.പി ഉബൈദുല്ല സഖാഫി, ഉമറലി സഖാഫി എടപ്പലം, അബ്ദുന്നാസര്‍ സഖാഫി കെല്ലൂര്‍, സി.പി സിറാജ് സഖാഫി, ത്വാഹാ സഖാഫി മണ്ണുത്തി പ്രസംഗിച്ചു.