ഭീകരതക്കെതിരെയുള്ള അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ കാന്തപുരം ഇന്ത്യന്‍ പ്രതിനിധി

0
759
SHARE THE NEWS

കൈറോ(ഈജിപ്ത്): ഭീകരവാദത്തിനും തീവ്രവാദത്തിനുമെതിരെ ലോകത്തെ പ്രഗത്ഭരായ മുസ്‌ലിം പണ്ഡിതന്മാരെ ഒരുമിപ്പിച്ച് ഈജിപ്തിലെ കൈറോയില്‍ നടക്കുന്ന അന്താരാഷ്ട്ര പണ്ഡിത സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംബന്ധിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന മുസ്‌ലിം പണ്ഡിത സമ്മേളനത്തില്‍ സാമൂഹിക ശാക്തീകരണത്തില്‍ ഫത്‌വകളുടെ പങ്ക് എന്ന പ്രധാന ശീര്‍ഷകത്തിലാണ് മൂന്ന് ദിവസത്തെ പണ്ഡിത സമ്മേളനം നടക്കുന്നത്. മൂന്ന് അക്കാദമിക സമ്മേളനങ്ങളും നാലു വര്‍ക്ക്‌ഷോപ്പുകളും പണ്ഡിതസമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്നുണ്ട്.
സമ്മേളനത്തിലെ ആദ്യ സെഷനില്‍ ‘ഫത്‌വകള്‍ സാമൂഹിക നിര്‍മാണത്തിന്’ എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രബന്ധമവതരിപ്പിച്ചു. മുസ്‌ലിം വിജ്ഞാന ശാഖകളെയും സംസ്‌കാരത്തെയും വികസിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച വൈജ്ഞാനിക സംരംഭങ്ങളാണ് മതവിധികള്‍ ആയ ഫത്‌വകള്‍. വ്യവസ്ഥാപിതവും മൗലികവുമായ രൂപത്തിലാണ് ഇസ്‌ലാമിക വിജ്ഞാനത്തിന്റെ മുന്നേറ്റം ലോകത്ത് സംഭവിച്ചത്. വിശ്വാസശാസ്ത്രം, കര്‍മ്മശാസ്ത്രം, ആധ്യാത്മികത, ഖുര്‍ആന്‍ ഹദീസ് പഠനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ആയിരക്കണക്കിന് ഗ്രന്ഥങ്ങളാണ് മുസ്‌ലിം ലോകത്ത് രചിക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ ഖുര്‍ആനോ ഹദീസോ ദുര്‍വ്യാഖ്യാനം ചെയ്യാനോ തോന്നിയപോലെ വിശദീകരിക്കാനോ മതത്തിനത്ത് ഒരവസരവുമില്ല. എന്ന് മാത്രവുമല്ല, ഇസ്‌ലാമിക വിധി വിലക്കുകളെ തെറ്റായ വ്യഖ്യാനിക്കുന്നവരെ മാറ്റി നിര്‍ത്തുവാനും പരമ്പരാഗത അറിവുകളെയും മൂല്യങ്ങളെയും ആസ്പദമാക്കി സമൂഹത്തില്‍ നിര്‍മാണാത്മകമായി നയിക്കുവാനുമാണ് പണ്ഡിതന്മാരോട് ഇസ്‌ലാമിന്റെ കല്‍പന. മുസ്‌ലിം ലോകത്ത് പ്രശ്‌നമുണ്ടാക്കുന്നവര്‍ ഇസ ്‌ലാമിന്റെ യഥാര്‍ത്ഥമായ ജ്ഞാന ശാസ്ത്രത്തെയും ഫത്‌വകളെയും തിരസ്‌കരിക്കുന്നവരും തള്ളിക്കളയുന്നവരുമാണ്. സൂഫീ ഇസ്‌ലാമിന്റെ വക്താക്കളാണ് മതത്തെ എക്കാലവും തനിമയോടെയും മൗലികതയോടെയും പ്രചരിപ്പിച്ചത്. ആ ആശയത്തില്‍ ഉറച്ചു നിന്ന് വിശ്വാസപരമായും കര്‍മപരമായും യഥാര്‍ത്ഥ ഇസ്‌ലാമിന്റെ സമാധാനപരമായ സന്ദേശങ്ങള്‍ പണ്ഡിതന്മാരില്‍ നിന്ന് ഉള്‍വഹിച്ച് പ്രവാചകന്‍ മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച മാതൃകയില്‍ മുസ്‌ലിംകള്‍ നിലകൊള്ളണമെന്നും കാന്തപുര പ്രബന്ധാവതരണത്തില്‍ പറഞ്ഞു.
ഇസ്‌ലാമിന്റെ ശരിയായ നിയമങ്ങള്‍ പ്രതിപാധിക്കുന്ന ഫത്‌വകളെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലോകത്ത് കുഴപ്പമുണ്ടാക്കുന്ന ഭീകരവാദ, തീവ്രവാദ സംഘങ്ങളെ പണ്ഡിതോചിതമായി പ്രതിരോധിക്കുക എന്നതാണ് സമ്മേളനത്തിന്റെ മുഖ്യലക്ഷ്യമെന്ന് സമ്മേളന അധ്യക്ഷന്‍ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി ചാന്‍സിലര്‍ ശൈഖ് അഹമ്മദ് മുഹമ്മദ് ത്വയ്യിബ് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
നെതര്‍ലന്റിലെ ആംസ്റ്റര്‍ഡാം യൂണിവേഴ്‌സിറ്റി പ്രസിഡന്റ് മര്‍സൂഖ് ഔലാദ് അബ്ദുല്ല, അബൂദാബി ത്വാബാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഹബീബ് അലി ജിഫ്‌രി, ലബ്‌നാന്‍ മുഫ്തി അബ്ദുലത്തീഫ് ദര്‍യാന്‍, യു.എ.ഇ മതകാര്യ പ്രതിനിധി മുഹമ്മദ് മത്വറുല്‍ കഅ്ബി, ജോര്‍ദ്ദാന്‍ മുഫ്തി മുഹമ്മദ് ഖലാഇല, ചെച്‌നിയന്‍ മുഫ്തി സ്വലാഹ് മുജീബ്, സുഡാന്‍ മതകാര്യ മന്ത്രി മുഹമ്മദ് അല്‍യാക്കൂബി, ഫലസ്തീന്‍ മുഫ്തി മുഹമ്മദ് അഹ്മദ് ഹുസൈന്‍, മലേഷ്യന്‍ മുഫ്തി ദുല്‍കിഫ്ല്‍ മുഹമ്മദ് ബഖരി, ആഫ്രിക്കന്‍ പണ്ഡിത ഫത്‌വ കമ്മിറ്റി പ്രസിഡന്റ് ശൈഖ് മുഹമ്മദ് അഹ്മദ്, ഈജിപ്ഷ്യന്‍ മതകാര്യ ഉപദേഷ്ടാവ് ഡോ. ഉസാമ അസ്ഹരി എന്നിവര്‍ സമ്മേളനത്തില്‍ പ്രബന്ധമവതരിക്കും.


SHARE THE NEWS