മതനിരപേക്ഷത ദുര്‍ബലപ്പെടുന്നത്‌ അപകടകരം: ഡോ. കെ ടി ജലീല്‍

0
979

മര്‍കസ്‌ നഗര്‍: മതനിരപേക്ഷത ദുര്‍ബലപ്പെടുന്നത്‌ അപകടകരമായ സാഹചര്യം സൃഷ്‌ടിക്കുമെന്ന്‌ തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. കേന്ദ്രമന്ത്രിസഭയിലെ ന്യൂനപക്ഷ പ്രാതിനിധ്യകുറവ്‌ ഇങ്ങിനെയൊരു സന്ദേഹം ഉയര്‍ത്തുന്നുണ്ട്‌. മതേതരത്വത്തിന്റെ അടയാളങ്ങളാണ്‌ രാജ്യത്തെ സൂഫി ദര്‍ഗകളെന്നും മതനിരപേക്ഷ ആശയങ്ങള്‍ക്കായി നിലകൊണ്ടവരാണ്‌ സൂഫികളെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ്‌ റൂബി ജൂബിലിയുടെ ഭാഗമായി നടന്ന സൗഹാര്‍ദ്ദ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗോവധ നിരോധനത്തിന്റെ പേരില്‍ അനാവശ്യ കോലാഹലങ്ങള്‍ സൃഷ്‌ടിക്കുകയാണ്‌. മതപരിവര്‍ത്തനം ആഘോഷിക്കപ്പെടേണ്ടതല്ല. പുരാതന കാലം മുതല്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും അന്നൊന്നും ഇത്‌ ആഘോഷമാക്കിയിട്ടില്ല. ഒരു മതപരിവര്‍ത്തനവും ഏതെങ്കിലും മതത്തിന്റെ ഔചിത്യമില്ലായ്‌മയായി പരിഗണിക്കപ്പെടരുത്‌. മതപരിവര്‍ത്തനത്തെ സൗഹാര്‍ദം തകര്‍ക്കാനുള്ള ഉപാധിയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷവര്‍ഗീയതയെ നേരിടേണ്ടത്‌ ന്യൂനപക്ഷ വര്‍ഗീയത കൊണ്ടല്ലെന്ന്‌ മുഖ്യപ്രഭാഷണം നടത്തിയ സി പി ഐ സംസ്ഥാനസെക്രട്ടറി കാനംരാജേന്ദ്രന്‍ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയാണ്‌ ഭൂരിപക്ഷ വര്‍ഗീയത ചെറുക്കേണ്ടത്‌. ഭരണകൂടം തന്നെ മതാഷ്‌ടിതമാകുന്നത്‌ ഭിന്നതക്ക്‌ ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസ്‌നേഹം ഉയര്‍ത്തിപിടിക്കുന്ന കാന്തപുരത്തിന്റെ നിലപാടും മര്‍കസിന്റെ പ്രവര്‍ത്തനവും മതസൗഹാര്‍ദ്ദത്തിന്‌ മുതല്‍ കൂട്ടാണെന്ന്‌ എം കെ രാഘവന്‍ എം പി പറഞ്ഞു.
മര്‍കസ്‌ അഡ്‌നോക്‌ നിര്‍മിച്ച്‌ നല്‍കുന്ന അഞ്ച്‌ വീടുകളുടെ താക്കോല്‍ദാനം ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. പി സി ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.
ഹജ്ജ്‌ കമ്മറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ്‌ കുഞ്ഞി മൗലവി, എം എല്‍ എമാരായ പി ടി എ റഹീം, ജോര്‍ജ്ജ്‌ എം തോമസ്‌, ഡയറക്‌ടര്‍ ജനറല്‍ ഓഫ്‌ പ്രോസിക്യൂഷന്‍ അഡ്വ. ശ്രീധരന്‍നായര്‍, ഡോ. കെ മൊയ്‌തു, സൂര്യ അബ്‌ദുല്‍ ഗഫൂര്‍, റോയ്‌ വരിക്കോട്‌, വിനോദ്‌ പടനിലം, പടാളിയില്‍ ബഷീര്‍, അബ്‌ദുര്‍റഹ്‌മാന്‍ ഇടക്കുനി, ഹാരിസ്‌ കിണാശ്ശേരി, പി കെ മുഹമ്മദ്‌ കുന്നമംഗലം, അഡ്വ. പി പി സുനീര്‍, വി എം കോയ മാസ്റ്റര്‍, പി മുഹമ്മദ്‌ യൂസുഫ്‌ പ്രസംഗിച്ചു.
രാവിലെ നടന്ന മനുഷ്യാവകാശ സമ്മേളനം ടൂറിസം വകുപ്പ്‌ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. ഭൂരിപക്ഷ വര്‍ഗ്ഗീയത മാത്രമല്ല ന്യൂനപക്ഷ വര്‍ഗ്ഗീയതയും രാജ്യത്തിന്റെ വളര്‍ച്ചക്കും സുരക്ഷക്കും എതിരാണെന്ന്‌ അദ്ദേഹം പറഞ്ഞു. കെ. പി അബൂബക്കര്‍ മൗലവി പട്ടുവം അദ്ധ്യക്ഷം വഹിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഡോ. സെബാസ്‌റ്റിയന്‍ പോള്‍, ബശീര്‍ ഫൈസി വെണ്ണക്കോട്‌, സയ്യിദ്‌ മുഹമ്മദ്‌ തുറാബ്‌ അസ്സഖാഫി, പി. കെ ഹനീഫ്‌(ചെയര്‍മാന്‍, കേരള ന്യൂനപക്ഷ കമ്മീഷന്‍), അഡ്വ. ടി വി ഫൈസല്‍(മെമ്പര്‍, കേരള ന്യൂനപക്ഷ കമ്മീഷന്‍), അഡ്വ. അബ്‌്‌ദുല്‍ മജീദ്‌ എറണാകുളം, അഡ്വ. വി.വി.എം റാഫി, അഡ്വ. ടി.കെ ഹസന്‍, അഡ്വ. കരീം ഇടുക്കി, അഡ്വ. സ്വാബിര്‍ സഖാഫി, അഡ്വ. മുസ്‌തഫ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. സയ്യിദ്‌ സുഹൈല്‍ മശ്‌ഹൂര്‍ നൂറാനി പ്രമേയം അവതരിപ്പിച്ചു.
ഉച്ചക്ക്‌ നടന്ന വിദ്യാഭ്യാസ സമ്മേളനത്തില്‍ സയ്യിദ്‌ ഇബ്രാഹീം ഖലീല്‍ ബുഖാരി അദ്ധ്യക്ഷനായിരുന്നു. ഡോ. നഊമു റഹ്മാന്‍, (എം ജി ആര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍) ഡോ. അബ്ദുസ്സലാം(സി ഇ ഒ, മര്‍കസ്‌ നോളജ്‌ സിറ്റി), ഡോ. ഷാഹിദ്‌ ചോലയില്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.