മദീനതുന്നൂർ വിദ്യാർത്ഥിയുടെ ‘തമസ്കിരണങ്ങൾ’ എന്ന പുസ്തകം ശ്രദ്ധേയമാവുന്നു

0
1661

കോഴിക്കോട്: കാരന്തൂർ ജാമിഅഃ മർകസ് സെന്റർ ഓഫ് എക്സലൻസ് മർകസ് ഗാർഡനിലെ മദീനതുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസ് വിദ്യാർത്ഥി അൻവർ ഹനീഫയുടെ ‘തമസ്കിരണങ്ങൾ: മാർക്സും പ്രതി-പ്രകാശ ദർശനവും’ എന്ന പുസ്തകം ശ്രദ്ധേയമാവുന്നു. കേരളത്തിലെ സാമ്പ്രദായിക മാർക്സ് വായനകളെ പൊളിച്ചെഴുതുന്ന ദാർശനികാന്വേഷണമാണ് ഗ്രന്ഥകാരൻ നടത്തുന്നത്. യുക്തിയുടെ പരിമിതികളും ബാഹ്യചിന്താ പരിസരത്തിനപ്പുറത്തുളള വസ്തുതകളുമാണ് പുസ്തകത്തിന്റെ പ്രമേയം. ശാസ്ത്രീയ വായനകൾക്ക് വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തിൽ പുസ്തകം ഉയർത്തുന്ന ചർച്ചകൾക്ക് പ്രസക്തിയേറെയുണ്ട്. പ്രൊഫ. നിസാർ അഹ്മദ്, ഡോ. ടി വി മധു, ബി രാജീവൻ മുതലായ മലയാളത്തിലെ പ്രമുഖരായ തത്ത്വചിന്തകരുടെ ‘റാസ്ബെറി മാർക്സ് റീഡർ സീരിയസ്’‌ ഇനത്തിലെ നാലാമത്തെ പുസ്തകമാണ് ഇത്‌.

കേരളീയ പളളിദർസുകളിൽ പരമ്പരാഗതമായി പാരായണം ചെയ്യുന്ന വളരെ പ്രശസ്തമായ അറബി സാഹിത്യ ഗ്രന്ഥം ഇമാം തഫ്താസാനിയുടെ മുഖ്തസറുൽ മആനിയും അതിന്റെ വിശദീകരണമായ ഹാശിയത്തു ദസൂഖിയും, മൻത്വിഖിലെ ഖുതുബുദ്ധീൻ റാസിയുടെ ഖുതുബിയും വിശദീകരണ ഗ്രന്ഥമായ മീർ ഖുതുബിയും തുറന്നുവെച്ച സാധ്യതകളെ ഉപയുക്തമാക്കുകയാണ് ഗ്രന്ഥകാരനെന്നത് ഈ രചനയെ വേറിട്ടുനിർത്തുന്നു. പൂർവ്വീക പണ്ഡിതർ കൈമാറിയ വൈജ്ഞാനിക ഗ്രന്ഥങ്ങളുടെ കലാതിവർത്തിയായ മൂല്യം അടയാളപ്പെടുത്തുന്ന ഈ പഠനം, അവയുടെ ആധുനികമായ പ്രായോഗികത കൂടി സാധ്യതപ്പെടുത്തുന്നു. ഇസ്‌ലാമിക ഗ്രന്ഥങ്ങളെ മുൻനിർത്തി ആധുനിക ഫിലോസഫിക് വ്യവഹാരങ്ങളെ വിപുലപ്പെടുത്തുന്ന ആദ്യ മലയാള കൃതിയെന്ന നിലയിൽ പുതിയ ഒരു ഇടം സൃഷ്ടിക്കുന്നതിൽ ഗ്രന്ഥകർത്താവ് വിജയിച്ചിട്ടുണ്ട്.

മദീനതുന്നൂർ ഇസ്‌ലാമിക്‌ സയൻസ് ഡിഗ്രി വിദ്യാർത്ഥിയും കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിഗ്രി രണ്ടാം വർഷ ചരിത്ര പഠിതാവുമായ അൻവർ ഹനീഫ തൃശൂർ ജില്ലയിലെ കൊടകരക്കടുത്ത് പത്തുകുളങ്ങരയിൽ മുഹമ്മദ് ഹനീഫ ശഹീദ ഹനീഫ ദമ്പതികളുടെ മകനാണ്. തിബാഖ് ഡിജിറ്റൽ മാഗസിൻ ഫിലോസഫി എഡിറ്റർ കൂടിയായ അദ്ദേഹം ഇതിനകം നിരവധി ഫിലോസഫി സംബന്ധിയായ പഠനപ്രബന്ധങ്ങൾ ഇന്റർനാഷണൽ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ ഫിലോസഫി പ്രസാധകരായ റാസ്ബെറി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയത് തത്ത്വചിന്തകനായ സുനിൽ കുമാറാണ്. അൻവർ ഹനീഫയെ മർകസ് ഗാർഡൻ ഡയറക്ടർ ഡോ. എ.പി. മുഹമ്മദ്‌ അബ്ദുൽ ഹകീം അസ്ഹരി പ്രത്യേകം അഭിനന്ദിച്ചു.