മനുഷ്യന്റെ സങ്കടങ്ങള്‍: സുറാബ് ബേക്കല്‍ ഫോര്‍ട്ട്

0
990
മനുഷ്യന്റെ സങ്കടങ്ങള്‍ തിരിച്ചറിയുന്നിടം, അവിടം ഒരു പച്ചപ്പ് വളരും. നിലനില്‍ക്കും. അത് കാരുണ്യത്തിന്റെ മരമാണ്. അനേകം പേരുടെ തണല്‍. ആശ്വാസം. ജീവ ശാസ്ത്രം. ലോകത്തുള്ള എല്ലാ എഴുത്തുകളിലും കാരുണ്യം ഒരു മുഖ്യവിഷയമാണ്. അറിവിന്റെ പാഠപുസ്തകം. അതില്‍ എഴുതിയിരിക്കുന്നതു മുഴുവനും  മനുഷ്യന്റെ സങ്കടങ്ങളാണ്, വേവലാതികളാണ്, ദാരിദ്ര്യമാണ്. നാം അനുഭവിക്കുന്ന വിശപ്പ്. വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍, റൊട്ടിക്കഷ്ണത്തിനു വേണ്ടി കൈനീട്ടുന്ന അഭയാര്‍ത്ഥികള്‍ എന്നും ഭൂലോകത്ത് വാര്‍ത്തകളാണ്. അവര്‍ക്കു ഭക്ഷണവും വസ്ത്രവും മരുന്നും എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍, സ്ഥാപനങ്ങള്‍ മഹാവൃക്ഷം തന്നെയാണ്.
കോഴിക്കോട് കാരന്തൂര്‍ മാര്‍കസ്സിനെക്കുറിച്ചു എഴുതുമ്പോള്‍ എനിക്ക് പറയാനുള്ളത് അക്ഷരങ്ങളുടെ വെളിച്ചത്തെയാണ്. ‘വായിക്കുക’ എന്ന് പഠിപ്പിച്ച പുണ്യ ഗ്രന്ഥത്തിന്റെ പിന്തുടര്‍ച്ചകള്‍. വായനയുടെ മഹാ ലൈബ്രറി. വായനയ്ക്കും ഒരച്ചടക്കമുണ്ട്. ഇല്‍മിന്റെ മഹാവെളിച്ചം. ക്ഷോഭവും പകയും ആ വെളിച്ചത്തില്‍ കെട്ടു പോകുന്നു. പകരം ധാര്‍മ്മികതയും അനുസരണയും വളരുന്നു. ഭൗതീകവും ആത്മീയവുമായ വളര്‍ച്ച.
നിലവിളിക്കുന്ന ഒരു കാലത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. ആ നിലവിളി പകയാവാം. വെറുപ്പാവാം. ദാരിദ്ര്യമാകാം. രോഗമാവാം. അല്ലെങ്കില്‍ പലവിധത്തിലുള്ള പീഡനങ്ങളാകാം. എന്തായാലും അത് കണ്ടെത്തി അവരെ   ആശ്വസിപ്പിക്കുകയും , നന്മയിലേക്കെത്തിക്കുകയും , വേണ്ടത് എത്തിച്ചു കൊടുക്കുകയും ചെയ്യുമ്പോഴാണ് നേരത്തെ പറഞ്ഞ മരം പൂത്തു തളിര്‍ക്കുന്നത്. അതാണ് ഏറ്റവും വലിയ പുണ്യം. മനുഷ്യന്റെ വേദന തിരിച്ചറിയുക, അയല്‍ക്കാരനെ സ്‌നേഹിക്കുക എന്ന സമീപനം.
ഒരുകൈ സഹായം താങ്ങ് ശുശ്രൂഷ കൂടെപ്പിറപ്പുകളായി ഒപ്പം നില്‍ക്കുക. സഹായിക്കുക. സഹകരിക്കുക. അന്ധതയില്‍ വിളക്കുമരമാവുക. അശരണര്‍ക്കും അഗതികള്‍ക്കും താങ്ങും തണലു മാകുക. മര്‍ക്കസിന്റെ പ്രവര്‍ത്തനവും ലക്ഷ്യവും ഇതുതന്നെയാണ്. ഇനിയും മുന്നോട്ടുള്ള വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും എല്ലാവിധ നന്മകളും ആശംസിക്കുന്നു.