മനുഷ്യർക്കിടയിൽ ഐക്യമുണ്ടാവാൻ ദുരന്തങ്ങൾ വരെ കാത്തിരിക്കേണ്ടിവരരുത്: കാന്തപുരം

0
1162
മർകസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
മർകസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തുന്നു
SHARE THE NEWS

കോഴിക്കോട് : മനുഷ്യർക്കിടയിൽ ഐക്യമുണ്ടാവാൻ ദുരന്തങ്ങൾ വരെ കാത്തിരിക്കേണ്ടിവരരുതെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. . മർകസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളീയർ അത്ഭുതാവഹമായാണ് അതിജയിച്ചത്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറം ജനങ്ങൾ ഒന്നായിച്ചേർന്ന് നാടിനുവേണ്ടി പ്രവർത്തിച്ചത് വൻ വിജയമായി. ഈ ഐക്യവും ഒരുമയും ലോകം വാഴ്‌ത്തി. പക്ഷേ, ഇപ്പോൾ പലതിന്റെ പേരിലും മനുഷ്യർ അകന്നുതുടങ്ങിയിരിക്കുന്നു. മനുഷ്യർ തമ്മിൽ ഗാഢമായ അടുപ്പമാണ് ഉണ്ടാവേണ്ടത്. വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും പരസ്‌പരം ബഹുമാനിക്കാൻ സാധിക്കണം. മുഹമ്മദ് നബി പഠിപ്പിച്ച സന്ദേശം ഭിന്നിപ്പിന്റേത് ആയിരുന്നില്ല; ബഹുസ്വരതയുടെയും ഐക്യത്തിന്റെയും ആയിരുന്നു: അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ അവധിക്കെത്തുന്ന പ്രവാസികളുടെ മടക്കയാത്രയുമായി ബന്ധപ്പെട്ട് ഒരു പുതിയ നിയമത്തെക്കുറിച്ച് കേൾക്കുന്നു. അതിന്റെ വിശദാംശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് നിയമങ്ങളും നടപടിക്രമങ്ങളും ഉണ്ടാവാം. അവ സുതാര്യമായിരിക്കണം. ഇത് സംബന്ധമായി സാധാരണ പ്രവാസികളുടെ ആശങ്കയകറ്റുകയും ബോധവൽകരണം നടത്തുകയും ചെയ്‌ത ശേഷമേ നിയമം നടപ്പിലാക്കാവൂ.

സുന്നി ഐക്യശ്രമങ്ങൾ തുടർന്നുവരികയാണ്. ഇതുവരെ കുറെ പുരോഗതികൾ ഉണ്ടായത് അറിഞ്ഞുകാണുമല്ലോ. ഐക്യവുമായി ബന്ധപ്പെട്ട് എന്നും പോസിറ്റിവായ നിലപാടുകൾ ആണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. മുഹമ്മദ് നബിയുടെ ചര്യ സൂക്ഷ്മമായി പിന്തുടരുന്ന സുന്നികൾക്കിടയിൽ ഐക്യം തന്നെയാണ് വേണ്ടതെന്നും കാന്തപുരം പറഞ്ഞു.


SHARE THE NEWS