മമ്പഉല്‍ ഹുദ എജ്യുഹബ് കാന്തപുരം നാളെ ഉദ്ഘാടനം ചെയ്യും

0
1973
SHARE THE NEWS

തൃശൂര്‍: മമ്പഉല്‍ ഹുദ സില്‍വര്‍ ജൂബിലി പ്രഖ്യാപന സമ്മേളനവും എജ്യുഹബ് സമര്‍പ്പണവും നാളെ (വ്യാഴം) വൈകീട്ട് ആറിന് കേച്ചേരി മമ്പഉല്‍ ഹുദ ക്യാമ്പസില്‍ നടക്കും. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജിസിസി രാഷ്ട്രങ്ങളിലും വിദ്യാഭ്യാസം, ജീവകാരുണ്യം തുടങ്ങിയ ബഹുമുഖ പദ്ധതികള്‍ക്ക് അതുല്യ മാതൃകകള്‍ സൃഷ്ടിച്ച് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മര്‍കസിന്റെ മധ്യകേരളത്തിലെ ആസ്ഥാനമായി മാറുകയാണ് കേച്ചേരിയിലെ മമ്പഉല്‍ ഹുദ. ഇതിന്റെ ഭാഗമായി കോളേജ് ഓഫ് ഇസ്‌ലാമിക് സയന്‍സ് ആന്‍ഡ് ദഅ്‌വ, ഇസ്‌ലാമിക് കണ്ടംപറി സ്റ്റഡീസ്, പ്രീസ്‌കൂള്‍(തിബിയാന്‍), ഇന്റഗ്രേറ്റഡ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍(ബോയ്‌സ്), ഇന്റഗ്രേറ്റഡ് ഖുര്‍ആന്‍(ഗേള്‍സ്), പബ്ലിക് സ്‌കൂള്‍, ഹാദിയ തുടങ്ങിയ പുതിയ വിദ്യാഭ്യാസ പദ്ധതികള്‍ സാംസ്‌കാരിക ജില്ലക്ക് സമര്‍പ്പിക്കുന്നു. സില്‍വര്‍ ജൂബിലിയുടെ മുന്നോടിയായി രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന 25 ഇന കര്‍മപദ്ധതികള്‍ക്ക് സംഘാടകര്‍ രൂപംനല്‍കിയിട്ടുണ്ട്. ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളുടെയും മറ്റുള്ളവരുടെയും വിദ്യാഭ്യാസവും സാമൂഹികവും സാംസ്‌കാരികവും ജീവകാരുണ്യപരമായ മുന്നേറ്റവും ശാക്തീകരണവും ആണ് മമ്പഉല്‍ ഹുദ കേന്ദ്രമായി മര്‍കസ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തില്‍ പണ്ഡിതന്മാര്‍, സംഘടന നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ മമ്പഉല്‍ ഹുദ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഷ്‌റഫ് സഖാഫി വാവൂര്‍, പ്രിന്‍സിപ്പല്‍ സി കെ മുഹ്‌യദ്ദീന്‍ സഖാഫി, ബഷീര്‍ സഖാഫി മഞ്ചേരി സംബന്ധിച്ചു.


SHARE THE NEWS