മര്‍കസിന്റെ ലക്ഷ്യം മതസൗഹാര്‍ദ്ദ പാരമ്പര്യ സംരക്ഷണം: കാന്തപുരം

0
731
കാരന്തൂര്‍: മുന്‍കാല പണ്ഡിതന്മാരും സൂഫികളും രാജ്യത്ത് നിലനിര്‍ത്തിയ മതസൗഹാര്‍ദ്ദവും പരസ്പര ബഹുമാനവും ഭദ്രമായി സൂക്ഷിക്കാനും  അനാഥകളും അഗതികളുമായ പതിനായിരങ്ങളെ വിദ്യാഭ്യാസവും അവബോധവും നൽകി   കൈപ്പിടിച്ച്  ഉയർത്തി രാജ്യത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും തലമുറയായി വളര്‍ത്താനും വേണ്ടിയാണ് മര്‍കസ് നിര്‍മിച്ചതെന്ന് മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്താവിച്ചു.
റൂബി ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന അലുംനി സംഗമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രഭാഷകരുടെ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനും സമുദായത്തിനും സമൂഹത്തിനും ഉപകരിക്കുന്ന സേവന തല്‍പരരും ധര്‍മ്മ ചിന്തകളുടെ പ്രചാരകരുമായ ഒരു ലക്ഷത്തോളം പൂര്‍വ്വ വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുത്ത ചിത്രവും ചരിത്രവുമാണ് കഴിഞ്ഞ 40 വര്‍ഷത്തിന്റേതെന്ന് കാന്തപുരം പറഞ്ഞു.
രാജ്യത്ത് നിലനിന്നിരുന്ന മതസൗഹാര്‍ദ്ദവും മതമൈത്രിയും കളങ്കപ്പെടുത്തി  1921ല്‍ കടന്നുവന്ന സലഫികൾ സൃഷ്ടിച്ച  അസ്വസ്ഥകൾ  ഇല്ലാതാവുമ്പോഴാണ്  സമാധാനപൂർണമായ സാഹചര്യം രൂപപ്പെടുന്നത്. രാജ്യത്തിന്റെ മതസൗഹാര്‍ദ്ദപാരമ്പര്യം നിലനിര്‍ത്താനും മുന്‍കാല മതനേതാക്കള്‍ കാത്ത്‌സൂക്ഷിച്ച മതമൈത്രി സംരക്ഷിക്കാനും സലഫി വിഘടനവാദികള്‍ക്കെതിരെ സമൂഹത്തെ ഉല്‍ബുദ്ധരിക്കാനുമായിരുന്നു അക്കാലത്ത് സമസ്ത രൂപീകരിച്ചതെന്നും ഈ ലക്ഷ്യം വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ ഇളംതലമുറ മുതല്‍ സാക്ഷാത്കരിക്കാനാണ് മര്‍കസ് പ്രവര്‍ത്തിക്കുന്നതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
മതപരമായും രാഷ്ട്രീയപരമായും ഓരോ പൗരനും വ്യത്യസ്തമായ ആദര്‍ശങ്ങളും നയചിന്തകളുമുണ്ടാകും. പക്ഷെ, അത് മറ്റുള്ളവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും മതചിഹ്നങ്ങളെയും ഹനിക്കുന്നതാവരുത്. പ്രഭാഷണങ്ങളും എഴുത്തുകളും രാജ്യത്തിന്റെ മതേതര പൈതൃകത്തെ വ്യണപ്പെടുത്തുന്നതാവരുത്. പ്രസംഗവൈഭവത്തിന്റെ മൂര്‍ച്ചയിലും ആള്‍ക്കൂട്ടത്തിന്റെ ആവേശത്തിലും പരിസരവും പാരമ്പര്യവും മറക്കുന്ന രീതി നാടിനും സമൂഹത്തിനും നാശമാണ്. തീവ്രവാദ ചിന്തകളും അധാര്‍മിക പ്രവര്‍ത്തനങ്ങളും മുളയിലെ നുള്ളാന്‍ വിദ്യാഭ്യാസ സംരംഭങ്ങളിലൂടെയും ഉദ്‌ബോധനങ്ങളിലൂടെയും പ്രഭാഷകരും മതനേതാക്കളും ശ്രദ്ധചെലുത്തണമെന്നും  കാന്തപുരം പറഞ്ഞു
സഖാഫി ശൂറാ ചെയര്‍മാന്‍ പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തി. സമൂഹനിര്‍മാണത്തില്‍ പണ്ഡിതന്മാരുടെ പങ്ക് എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക് ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, ശുകൂര്‍ സഖാഫി വെണ്ണക്കോട്, കുഞ്ഞി മുഹമ്മദ് സഖാഫി പറവൂര്‍, നജ്മുദ്ദീന്‍ സഖാഫി പൂക്കോട്ടൂര്‍, സിദ്ധീഖ് സഖാഫി അരിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തറയിട്ടാല്‍ ഹസന്‍ സഖാഫി സ്വാഗതവും ലതീഫ് സഖാഫി പെരുമുഖം നന്ദിയും പറഞ്ഞു.