മര്‍കസില്‍ നടന്ന വ്യാപാരി സംഗമം ശ്രദ്ധേയമായി

മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഹാജി അറഫാത്ത് ഷെയ്ഖ് ഉദ്ഘാടനം ചെയ്‌തു

0
1279
മര്‍ച്ചന്റ് ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച വ്യാപാരി സംഗമം മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഹാജി അറഫാത്ത് ഷെയ്ഖ് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കായുള്ള  മർകസിന് കീഴിലുള്ള കൂട്ടായ്‌മയായ  മര്‍ച്ചന്റ് ചേംബര്‍ ഇന്റര്‍നാഷണല്‍ സംഘടിപ്പിച്ച അഞ്ചാമത് വ്യാപാരി സംഗമം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. മഹാരാഷ്ട്ര മൈനോരിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ ഹാജി അറഫാത്ത് ഷെയ്ഖ് ഉദ്ഘാടനം നിര്‍വഹിച്ചു. വ്യാപാര രംഗങ്ങളിൽ  മികച്ച അറിവും അനുഭവവുമുള്ളവരുടെ ഇടപെടലുകൾ രാജ്യത്തിന്റെ സമഗ്രമായ പുരോഗതിക്ക് നിമിത്തമാകും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യാപാരികൾക്കുള്ള ഇത്തരം കൂട്ടായ്‌മകൾ  പരസ്‌പരം അനുഭവങ്ങൾ പങ്കുവെക്കാനും പുതിയ ബിസിനസ് മേഖലകളിലേക്ക് യോജിച്ച കാൽവെപ്പുകൾ നടത്താനും സഹായകമാണ്. മറ്റു സംസ്ഥാനങ്ങളിൽ വ്യവസായങ്ങൾക്ക് സാധ്യതയുള്ള ധാരാളം മേഖലകൾ ഉണ്ടെന്നും, ഉത്സാഹവും അധ്വാനവും പരിചയവും ഉള്ള മലയാളി വ്യവസായികളുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിലേക്ക് കൂടുതൽ വരുന്നത് വികസനത്തെ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ് ഫൈസിയും അബ്ദുല്ല സഖാഫി മലയമ്മയും പ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. യുവസംരംഭകനും ഐ.ഡി ഫ്രഷ് സി.ഇ.ഒയുമായ പി.സി മുസ്തഫ, അഡ്വ. ഹാഷിം വഫ എന്നിവർ പുതുതലമുറയിലെ ബിസിനസ്സ് ആശയങ്ങളെയും  നിയമങ്ങളെയും സംബന്ധിച്ച് വ്യാപാരികളുമായി സംവദിച്ചു. ജി.ടെക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജിംഗ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി മര്‍ച്ചന്റ് ചേംബര്‍ ഇന്റര്‍നാഷണലിന്റെ വെബ്‌സൈറ്റ് ലോഞ്ചിംഹ് നിര്‍വഹിച്ചു. സംരംഭകരായ ജലീല്‍ ബംഗളുരു, ഹാഫിസ് ഫാറൂഖ്, അന്‍വര്‍, സയ്യിദ് സുഹൈര്‍ ഓപണ്‍ ഫോറത്തില്‍ സംസാരിച്ചു. സി.പി മൂസ ഹാജി സ്വാഗതവും സി.പി ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.