മര്‍കസില്‍ പതിനായിരം വിദ്യാർത്ഥികൾ പങ്കെടുത്ത മെഗാ അസംബ്ലി

0
872
SHARE THE NEWS

കുന്നമംഗലം: ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തിന്റെ മുന്നോടിയായി മര്‍കസ്‌ പ്രധാന മൈതാനിയില്‍ പതിനായിരം വിദ്യാര്‍ത്ഥികളെ അണിനിരത്തി  മെഗാ അസംബ്ലി സംഘടിപ്പിച്ചു. മര്‍കസ്‌ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.
ബഹുസ്വരതയും മതേതരത്വവും നിലനില്‍ക്കുന്ന ലോകത്തെ പ്രധാന രാജ്യമായ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്‌ത മഹാന്മാരെ ഓര്‍ക്കണമെന്ന്‌ കാന്തപുരം പറഞ്ഞു. രാജ്യത്തെ വിവിധ മത, ഭാഷാ, ദേശവാസികള്‍ ഒരുമയോടെ കഴിയുന്ന ദേശത്തെയാണ് സ്വാതന്ത്ര്യസമരത്തിന്‌ മുന്നിട്ടിറങ്ങിയവര്‍ സ്വപ്‌നം കണ്ടത്‌. എന്നാല്‍,  മുസ്‌ലിംകളെ പൊതുധാരയില്‍ നിന്നകറ്റി ഭീതിതമാക്കാനും ന്യൂനപക്ഷങ്ങള്‍ക്ക്‌ നേരെ ആക്രമണം നടത്താനും ചിലര്‍ കുറച്ചായിട്ട്‌ ശ്രമിക്കുന്നുണ്ട്‌. എല്ലാ മതക്കാരെയും പോലെ സ്വാതന്ത്ര്യ സമര കാലത്തും തുടര്‍ന്നും രാജ്യത്തിന്റെ ക്ഷേമത്തിനും മുന്നേറ്റത്തിനും വേണ്ടി തീവ്രമായി യത്‌നിച്ചവരാണ്‌ മുസ്‌ലിംകള്‍. അതുകൊണ്ട്‌ മഹാത്മാ ഗാന്ധിയും അബുല്‍കലാം അസാദുമൊക്കെ പകര്‍ന്ന മൂല്യങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത്‌ ഭരണാധികാരികള്‍ മുന്നോട്ടു പോവുകയും എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ കാണുകയും വേണം. സ്വാതന്ത്ര്യ സമരത്തിന്‌ മൂര്‍ച്ചകൂട്ടിയതില്‍ രാജ്യത്തെ വിദ്യാലയങ്ങള്‍ക്ക്‌ പ്രധാന പങ്കുണ്ട്‌. പഠനം സ്വയം തിരിച്ചറിവും സമൂഹത്തെക്കുറിച്ചുള്ള അവബോധവും നല്‍കുന്നു. അതിനാല്‍ സ്വാതന്ത്ര്യസമര പോരാളികളുടെ ഊര്‍ജ്ജം ഹൃദയത്തില്‍ ആവാഹിച്ച്‌    ധാര്‍മികമായും ക്രിയാത്മകമായും പ്രവർത്തിക്കുന്നവരാകണം   വിദ്യാര്‍ത്ഥികളെന്ന്‌ അദ്ദേഹം പറഞ്ഞു.
     മര്‍കസിന്റെ വിവിധ അക്കാദമിക സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളാണ്‌ പരിപാടിയില്‍ സംഗമിച്ചത്‌. സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ആഹ്വാനം ചെയ്‌തുള്ള ദേശസംരക്ഷണ പ്രതിജ്ഞക്കും കാന്തപുരം നേതൃത്വം നല്‍കി. മര്‍കസ്‌ ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി, ഉനൈസ്‌ മുഹമ്മദ്‌ പ്രസംഗിച്ചു. വൈകുന്നേരം ഏഴിന്‌ നടന്ന സ്വാതന്ത്ര്യസമര പഠന സെഷനിൽ  ഡോ. എ.പി അബ്ദുല്‍ ഹകീം അസ്‌ഹരി പ്രഭാഷണം നടത്തി. 
     ഇന്ത്യയുടെ ഇരുപത്തിരണ്ട്‌ സംസ്ഥാനങ്ങളിലായി  നിലകൊള്ളുന്ന അഞ്ഞൂറോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന്‌ (ചൊവ്വ) രാവിലെ പതായ ഉയര്‍ത്തല്‍ കര്‍മം നടക്കും. തുടര്‍ന്ന്‌ സ്വാതന്ത്ര്യദിന അനുസ്‌മരണത്തിന്റെ ഭാഗമായി വ്യത്യസ്‌ത പരിപാടികള്‍ നടക്കും. ഓരോ കേന്ദ്രങ്ങളിലും വിദ്യാഭ്യാസ, സാമൂഹിക രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും..മർകസ് പ്രധാന കാമ്പസിൽ നടക്കുന്ന പരിപാടിയിൽ സ്വതന്ത്ര സമര സേനാനികളെ ആദരിക്കും. സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.

SHARE THE NEWS