മര്‍കസ്‌ റൂബി ജൂബിലി; ദേശീയതല പ്രചാരണത്തിന്‌ ഔപചാരിക തുടക്കമായി

0
768

ന്യൂഡല്‍ഹി: മര്‍കസ്‌ റൂബി ജൂബിലിയുടെ ദേശീയതല പ്രചാരണദ്‌ഘാടനം ഡല്‍ഹിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. റൂബി ജൂബിലിയോടെ ദേശീയതലത്തിലേക്ക്‌ മര്‍കസ്‌ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മര്‍കസ്‌ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. മര്‍കസ്‌ നോളജ്‌സിറ്റി പ്രഥമ സംരഭമായ മര്‍കസ്‌ ലോ കോളജ്‌ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ റൂബി ജൂബിലിയുടെ വേദിയില്‍ ബിരുദം നല്‍കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
കശ്‌മീര്‍, ഗുജറാത്ത്‌ ഉള്‍പ്പെടെയുള്ള രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മര്‍കസ്‌ സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി പറഞ്ഞു. പ്രൈമറി തലം മുതല്‍ ബിരുദാനന്തര ബിരുദതലം വരെയുള്ള കോഴ്‌സുകള്‍ മര്‍കസ്‌ നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്‌. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വുമണ്‍ കോളജുകള്‍, പ്രൈമറി ആന്‍ഡ്‌ പബ്ലിക്‌ സ്‌കൂളുകള്‍, ദഅ്‌വ കോളജുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം ജമാഅത്ത്‌ കമ്മിറ്റികള്‍ രൂപവത്‌കരിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.