മര്‍കസ്‌ ശരീഅത്ത്‌ കോളജ്‌ അധ്യായനാരംഭം നാളെ

0
878

കാരന്തൂര്‍: മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയിലെ ശരീഅത്ത്‌ കോളജിന്റെ 2017-18 അക്കാദമിക വര്‍ഷത്തെ അധ്യായനാരംഭം നാളെ(ശനി) രാവിലെ 8.30ന്‌ മര്‍കസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ശരീഅത്ത്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബുഖാരി ദര്‍സ്‌ ക്ലാസെടുത്ത്‌ ഉദ്‌ഘാടനം ചെയ്യും.
ആയിരത്തി അഞ്ഞൂറ്‌ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മര്‍കസ്‌ ശരീഅത്ത്‌ കോളജ്‌ രാജ്യത്തെ തന്നെ പ്രധാനപ്പെട്ട മതകലാലയമാണ്‌. തഖസ്സുസ്‌, മുതവ്വല്‍, കുല്ലിയ്യ ഉസൂലുദ്ദീന്‍, കുല്ലിയ്യ ലുഗ: അറബിയ്യ, കുല്ലിയ്യ ശരീഅ:, ഉറുദു ശരീഅ സ്റ്റഡീസ്‌ എന്നീ ഡിപ്പാര്‍ട്ടുമെന്റുകളിലായി 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ്‌ ഇവിടെ പഠനം നടത്തുന്നത്‌. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രശസ്‌തമായ നിരവധി യൂണിവേഴ്‌സിറ്റികളുമായി അക്കാദമിക സഹകരണമുള്ള മര്‍കസ്‌ ശരീഅത്ത്‌ കോളജില്‍ ഇംഗ്ലീഷ്‌, അറബി, ഉറുദു ഭാഷാ പഠനത്തിന്‌ പ്രത്യേക സംവിധാനമുണ്ട്‌. കൂടാതെ കേരളത്തിലെ ഏറ്റവും വലിയ അറബി ഗ്രന്ഥങ്ങളുടെ ശേഖരമുള്ള മര്‍കസ്‌ ലൈബ്രറി ശരീഅത്ത്‌ വിദ്യാര്‍ത്ഥികളുടെ പഠന ഗവേഷണങ്ങള്‍ക്ക്‌ സഹായകമാണ്‌. മര്‍കസ്‌ ശരീഅത്ത്‌ കോളജില്‍ നിന്ന്‌ പതിനായിരം സഖാഫിമാര്‍ കഴിഞ്ഞ നാല്‍പത്‌ വര്‍ഷത്തിനിടയില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌.
അല്‍ മുസല്‍സലതുല്‍ അവ്വലിയ്യ എന്ന നാമധേയത്തില്‍ നടക്കുന്ന ഉദ്‌ഘാടന സംഗമത്തില്‍ സയ്യിദ്‌ അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. കാന്തപുരം എ.പി മുഹമ്മദ്‌ മുസ്‌ലിയാര്‍, കെ.കെ അഹ്മദ്‌കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി. മുഹമ്മദ്‌ ഫൈസി, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്‌, ഡോ. അബ്ദുല്‍ ഹകീം അസ്‌ഹരി, അബ്ദുല്‍ അസീസ്‌ സഖാഫി വെള്ളയൂര്‍, മുഖ്‌താര്‍ ഹസ്രത്ത്‌ ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, ഡോ. ഹകീം സഅദി കരുനാഗപ്പള്ളി, മുഹമ്മദ്‌ സഖാഫി പറവൂര്‍, ഉമറലി സഖാഫി എടപ്പലം, ഹാഫിള്‌ അബൂബക്കര്‍ സഖാഫി പന്നൂര്‍, ജലീല്‍ സഅദി രണ്ടത്താണി, നൗഷാദ്‌ സഖാഫി കൂരാറ തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കും.