മര്‍കസ് അന്താരാഷ്ട്ര അക്കാദമിക സെമിനാര്‍ ക്വലാലംപൂരില്‍ ആരംഭിച്ചു

ജാമിഅ മര്‍കസും മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

0
847
ക്വാലാംലംപൂരില്‍ നടക്കുന്ന അന്താരാഷ്ട്ര അക്കാദമിക സെമിനാറില്‍ പങ്കെടുക്കുന്ന മര്‍കസ് പ്രതിനിധികള്‍ മലേഷ്യന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ക്കൊപ്പം

കോലാലംപൂർ: മലേഷ്യയിലെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് മലേഷ്യയുമായി സഹകരിച്ചു കോലാലംപൂരിൽ മർകസ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്‌ട്ര അക്കാദമിക സമ്മേളനം ആരംഭിച്ചു. മലേഷ്യൻ നാഷണൽ യൂണിവേഴ്‌സിറ്റിയുമായി മർകസിനുള്ള അക്കാദമിക സഹകരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നസമ്മേളനത്തിൽ ‘ഇസ്‌ലാമും മുസ്‌ലിം സമൂഹവും’ എന്ന ശീർഷകത്തിൽ മലേഷ്യയിലെ പ്രധാന അക്കാദമിക വിചക്ഷണന്മാരും ഇന്ത്യയിൽ നിന്നെത്തിയ അക്കാദമിക പണ്ഡിതരുമാണ് പ്രബന്ധങ്ങൾ അവതരിപ്പിക്കുന്നത്. മർകസ് വൈസ് ചാൻസലർ ഡോ ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, മർകസ് അക്കാദമിക പ്രോജക്ട് ഡയറക്ടർ പ്രൊഫ ഉമർ ഫാറൂഖ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തിൽ മർകസ് എക്‌സാം കോൺട്രോളർ ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല, മുഹമ്മദ് റോഷൻ നൂറാനി, ജുനൈദ് സഖാഫി കണ്ണൂർ, മുഹമ്മദ് മുഹ്‌സിൻ സഖാഫി, സയ്യിദ് ജസീൽ കാമിൽ സഖാഫി എന്നിവരാണുള്ളത്.

ഉദ്‌ഘാടന സമ്മേളനത്തിൽ ഡോ. ഫൈസൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലേഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്‌ലാം ഹദാരി ഡയറക്ടർ പ്രൊഫ .ദത്തോ നൂർ ഉദ്‌ഘാടനം ചെയ്‌തു. ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്‌ലിംസമൂഹത്തിന്റെ സമാനതകളെയും വൈജ്ഞാനിക രംഗത്ത് അവർ നടത്തുന്ന വിവിധ യജ്ഞങ്ങളെയും സമ്മേളനം ആഴത്തിൽ വിശകലനം ചെയ്യും. സമ്മേളനം ഇന്ന് സമാപിക്കും. തുടർന്ന് മർകസും നാഷണൽ യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള അക്കാദമിക സഹകരണത്തെക്കുറിച്ചു ചർച്ചകൾ നടക്കും.