മര്‍കസ് കാശ്മീരി പൂര്‍വ വിദ്യാര്‍ഥികളുടെ സ്നേഹോപഹാരമായി ഗുല്‍ഷനെ ശൈഖ് അബൂബക്കര്‍

0
824

ഷോപ്പിയാന്‍: ജമ്മു കാശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ മര്‍കസ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്നുവരുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു. ജമ്മു കാശ്മീരിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി 2004ല്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ പിന്തുണയോടെ മര്‍കസ് ആരംഭിച്ച കാശ്മീരി ഹോമില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളാണ് താഴ്‌വരയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മര്‍കസ് തുടങ്ങിവെച്ച വിദ്യാഭ്യാസ സംഭരംഭങ്ങള്‍ക്കു പുതിയ മാനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. മര്‍കസിന്റെ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിനോടൊപ്പം തന്നെ, തങ്ങളുടെ അറിവും അനുഭവവും കാശ്മീരിലെ തങ്ങളുടെ പുതിയ തലമുറക്ക് കൂടി പകര്‍ന്നു നല്‍കാനുള്ള പരിശ്രമങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വിവിധ പ്രദേശങ്ങളില്‍ തുടക്കമായി.
ഷോപ്പിയാന്‍ ജില്ലയിലെ നാഡ്പൂരയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച പ്രാഥമിക വിദ്യാലയം ഗ്രാമത്തിലെ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ ഉണര്‍ത്തുന്നതോടൊപ്പം തന്നെ, മര്‍കസ് കാശ്മീരില്‍ നടത്തുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കാശ്മീരികളുടെ സ്‌നേഹോപാഹാരവുമായി. ഗുല്‍ഷനെ ശൈഖ് അബൂബക്കര്‍ എന്ന പേരില്‍ ഈ ഗ്രാമത്തില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആരംഭിച്ച ഈ സ്‌കൂള്‍ കാശ്മീരികളുടെ കാന്തപുരം എ പി ഉസ്താദിനോടും മര്‍കസിനോടുമുള്ള താഴ്‌വരയിലെ വിദ്യാര്‍ഥികളുടെ വൈകാരികമായ ബന്ധത്തിന്റെ ഇഴയടുപ്പം കൂടി വെളിപ്പെടുത്തുന്നുണ്ട്.
ഞങ്ങള്‍ക്ക് ശൈഖ് അബൂബക്കര്‍ പിതൃതുല്യനാണ്. ആ മഹദ് വ്യക്തിയോടു താഴ്‌വരയിലെ ജനങ്ങള്‍ക്കുള്ള കടപ്പാടിന്റെ അടയാളപ്പെടുത്തുക കൂടിയാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. ഒപ്പം മര്‍കസ് ഞങ്ങള്‍ക്ക് സമ്മാനിച്ച വിദ്യാഭ്യാസപരമായ ഉള്‍ക്കാഴ്ചയെ കൂടുതല്‍ അടിത്തട്ടിലേക്ക് എത്തിക്കുകയും’. മര്‍കസില്‍ നിന്ന് പഠനം കഴിഞ്ഞിറങ്ങിയ സുഫിയാന്‍ പറയുന്നു.
താഴവരയില്‍ നിന്ന് മര്‍കസിലേക്കുള്ള വിദ്യാര്‍ഥികളുടെ വരവ് ഇവിടുത്തെ പാവപ്പെട്ട കുടുംബങ്ങളുടെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചിട്ടുണ്ട്. സ്വസ്ഥതയോടെ പഠിക്കാനുള്ള അവസരം ഒരുക്കിത്തന്ന മര്‍കസ് സ്ഥാപനങ്ങളോടുള്ള ഞങ്ങളുടെ കടപ്പാട്. പഠിക്കാനുള്ള അവസരം മാത്രമല്ല, തൊഴില്‍ മേഖലകളില്‍ എത്തിപ്പെടാനുള്ള വഴിയും ഒരുക്കി തന്നു എന്നതാണ് മര്‍ക്കസിന്റെ പ്രത്യേകത.:യാസീന്‍ ഷൗക്കത്ത് പറഞ്ഞു.
ആറ് വയസ്സ് മുതലുള്ളവര്‍ക്കാണ് ഗുല്‍ഷനെ ശൈഖ് അബൂബക്കറില്‍ പ്രവേശനം. പതിനഞ്ചു വിദ്യാര്‍ത്ഥികള്‍ക്കാണ് തുടക്കത്തില്‍ പ്രവേശനം നല്‍കിയിരിക്കുന്നത്. ഗ്രാമത്തിലെ പ്രധാന അങ്ങാടിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനാമാരംഭിച്ച സ്‌കൂള്‍ താമസിയാതെ സ്വന്തം കെട്ടിടത്തിലേക്ക് മാറും.
ഹൈസ്‌കൂള്‍ മുതല്‍ പത്തും പന്ത്രണ്ടും വര്‍ഷം മര്‍ക്കസില്‍ തന്നെ പഠിച്ച് ശേഷം മര്‍കസ് സ്ഥാപനങ്ങളില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ് സ്ഥാപനത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും നിര്‍വഹിക്കുന്നത്.
മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി നടന്ന ഗുല്‍ഷനെ ശൈഖ് അബൂബക്കറിന്റെ പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞ ദിവസം ഷോപ്പിയാന്‍ -നാഡ്പൂരയില്‍ നടന്ന ചടങ്ങില്‍ മര്‍കസ് ഡയറക്ടര്‍ ഡോ. എ. പി. അബ്ദുല്‍ ഹകീം അസ്ഹരി നിര്‍വ്വഹിച്ചു. കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മര്‍കസ് നടത്തിവരുന്ന വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളുടെ നാഴികക്കലാണ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ താഴവരയില്‍ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന് ഡോ. അസ്ഹരി പറഞ്ഞു. മര്‍കസ് കാശ്മീരി ഹോമിന്റെ പ്രവര്‍ത്തനത്തിന്റെ രണ്ടാം ഘട്ടം എന്ന നിലയില്‍ വിദ്യാര്‍ഥികളെ മര്‍കസ് മെയിന്‍ കാമ്പസില്‍ കൊണ്ടുവന്നു പഠിപ്പിക്കുന്നതിനു പകരം അവരുടെ സ്വന്തം കുടുംബങ്ങളോടൊപ്പം താമസിച്ച് ഗ്രാമങ്ങളില്‍ തന്നെ വിദ്യാഭ്യാസം നേടാനുള്ള അവസരം ഒരുക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് മര്‍കസ് ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.