മര്‍കസ് കൈനീട്ടം; ഒരു ഗ്രാമം ശുദ്ധജല സമൃദ്ധമാകുന്നു

0
5087
മര്‍കസ് സ്വീറ്റ് വാട്ടര്‍ പദ്ധതിയുടെ ഭാഗമായി മുക്കം ചേന്ദമംഗലൂരിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.
മര്‍കസ് സ്വീറ്റ് വാട്ടര്‍ പദ്ധതിയുടെ ഭാഗമായി മുക്കം ചേന്ദമംഗലൂരിന്റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതി വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യുന്നു.
SHARE THE NEWS

മുക്കം: കോരിച്ചൊരിയുന്ന മഴയത്തും ശുദ്ധ ജലത്തിന് പ്രയാസം നേരിടുന്ന മുക്കം മുനിസിപ്പാലിറ്റിയിലെ ചേന്ദമംഗല്ലൂര്‍ ഭാഗത്തെ വിവിധ സ്ഥലങ്ങളില്‍ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കി പ്രദേശ വാസികള്‍ക്കായി തുറന്നു നല്‍കി. ചേന്ദമംഗല്ലൂര്‍ പുല്‍പ്പറമ്പ് ഭാഗത്ത് വേനല്‍ക്കാലത്തും വര്‍ഷക്കാലത്തും കുടിവെള്ളത്തിന് പ്രയാസമനുഭവിക്കുന്നവരാണ് ജനങ്ങള്‍. വേനലില്‍ വെള്ളം വറ്റിപ്പോവുകയും, വര്‍ഷാരംഭത്തിലേ വെള്ളം നിറഞ്ഞു ലഭ്യമായ കിണറുകളും മറ്റും ഉപയോഗയോഗ്യമല്ലാത്തതുമായ അവസ്ഥയാണിവിടെ. മര്‍കസിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സുന്നി യുവജനസംഘം സഹകരണത്തോടെ പതിമൂന്നു ലക്ഷം രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ കുടിവെള്ള പദ്ധതികള്‍ അന്‍പതിലധികം വീട്ടുകാര്‍ക്ക് ഇനിയുള്ള കാലങ്ങളില്‍ ആശ്വാസമാകും. മര്‍കസ് രാജ്യത്താകെ നടത്തിവരുന്ന സ്വീറ്റ് വാട്ടര്‍ പദ്ധതിയുടെ ഭാഗമായാണ് ഈ കിണറുകള്‍ നിര്‍മിച്ചത്. 7500 ശുദ്ധ ജല പദ്ധതികള്‍ ഇതിനകം ഇന്ത്യയിലെ ഇരുപത്തിരണ്ടു സംസ്ഥാനങ്ങളിലായി മര്‍കസ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ചേന്ദമംഗല്ലൂരില്‍ നടന്ന ഉദ്ഘാടന ചടങ്ങ് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ രംഗത്ത് എല്ലാ ദേശങ്ങള്‍ക്കും മാതൃകയാക്കാവുന്ന പ്രവര്‍ത്തനമാണ് മര്‍കസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കുടിവെള്ള പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യ ജീവിതത്തിന് അടിസ്ഥാന വിഭവമാണ് ശുദ്ധജലം. പാവപ്പെട്ടവര്‍ അധിവസിക്കുന്നയിടങ്ങളില്‍ അവര്‍ക്ക് ശുദ്ധജല സൗകര്യം ഒരുക്കിക്കൊടുക്കുന്നത് സാമൂഹിക മുന്നേറ്റം വേഗത്തില്‍ സാധ്യമാക്കാന്‍ സഹായിക്കും. സാമൂഹിക സേവന രംഗത്ത് നിന്ന് ജനങ്ങള്‍ പിന്മാറുന്ന ഇക്കാലത്ത് മര്‍കസ് നടത്തുന്ന ഈ പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുന്ന കാലത്ത് ന്യൂനപക്ഷ സംരക്ഷണത്തിന് എല്ലാ മനുഷ്യ സ്‌നേഹികളും പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് ശുദ്ധ ജല ദൗര്‍ബല്യം. ഗ്രാമങ്ങളില്‍ അല്ലലോടെ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ക്ക് ഇപ്പോഴും ശുദ്ധജലം അസാധ്യമാണ്. അത്തരക്കാര്‍ക്കു മര്‍കസ് ചെലവില്‍ കുഴല്‍കിണറുകളും കിണറുകളും നിര്‍മിച്ചു നല്‍കി മഹത്തായ സേവന മുന്നേറ്റമാണ് മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു.
മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി, എം ഐ ഷാനവാസ് എം.പി, അഡ്വ പി.ടി.എ റഹീം എം എല്‍ എ, ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേഷന്‍, നഗരസഭ കൗണ്‍സിലര്‍മാരായ പി.ടി ഗഫൂര്‍, ശഫീഖ് മാടായി, കെ.ടി സുകുമാരന്‍, മജീദ് കക്കാട്, ഇ യഅഖൂബ് ഫൈസി, കീലത്ത് മുഹമ്മദ് മാസ്റ്റര്‍, ജി അബൂബക്കര്‍, എം.ടി ശിഹാബുദ്ധീന്‍ അസ്ഹരി, കെ അബ്ദുള്ള സഅദി, നാസര്‍ ചെറുവാടി, യൂസുഫ് നൂറാനി എന്നിവര്‍ പ്രസംഗിച്ചു.


SHARE THE NEWS