മര്‍കസ് ഗാര്‍ഡന്‍ അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനം നാളെ സമാപിക്കും

0
1139
SHARE THE NEWS

കോഴിക്കോട്: സഹിഷ്ണുത, ആരോഗ്യ പരിരക്ഷ, കാലാവസ്ഥാ സന്തുലിതത്വം തുടങ്ങിയ സന്ദേശങ്ങളുയര്‍ത്തി പൂനൂരിലെ മര്‍കസ് ഗാര്‍ഡന്‍ അന്താരാഷ്ട്ര ആദ്ധ്യാത്മിക സമ്മേളനം നാളെ (ശനി) സമാപിക്കും. കലുഷത നിറഞ്ഞു നില്‍ക്കുന്ന ആധുനിക പരിസരത്തില്‍ മതവിശ്വാസവും അത്മീയതയും നല്‍കുന്ന ശരിയായ പരിഹാരങ്ങള്‍ സാധ്യമാക്കുതോടൊപ്പം മനുഷ്യ മനഃശുചീകരണത്തിന് ശരിയായ പരിശീലന യജ്ഞങ്ങള്‍ നടത്തി സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന പൗര സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ആദ്ധ്യാത്മിക സമ്മേളനത്തിലൂടെ ലക്ഷ്യമാക്കുന്നത്. സങ്കുചിത പ്രത്യേയശാസ്ത്ര താല്‍പര്യങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ വൈര്യം തീര്‍ത്ത് സ്വസ്ഥമായ ജീവിത സാഹചര്യം ലോകത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ എല്ലാവരെയും ഉള്‍കൊള്ളുന്ന വിശുദ്ധ മനസ്സ് സൃഷ്ടിക്കുകയാണ് ബഹുസ്വര ഇന്ത്യയെ നിലനിര്‍ത്താന്‍ അടിയന്തരമായി നിര്‍വഹിക്കേണ്ടതെന്ന വലിയ സന്ദേശമാണ് സമ്മേളനം ഉയര്‍ത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും രോഗാതുരതയും വര്‍ദിതമാകുന്ന കേരളത്തിന്റെ പ്രത്യേക പശ്ചാതലത്തിന് പരിഹാരമായി പ്രായോഗിക ബോധവല്‍ക്കരണ പരിശീലനങ്ങള്‍ സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍ നടപ്പില്‍ വരുത്താനുള്ള പദ്ധതികള്‍ സമ്മേളന ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന സമാപന മഹാ സംഗമം സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അദ്ധ്യക്ഷത വഹിക്കും. ഡോ. എ.പി മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി സന്ദേശ പ്രഭാഷണവും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അത്മീയ പ്രഭാഷണവും നിര്‍വഹിക്കും. സഹിഷ്ണുത, ആരോഗ്യം, കാലാവസ്ഥ തുടങ്ങിയവയില്‍ സ്വീകരിക്കേണ്ട ശരിയായ രീതി പ്രായോഗികമാക്കാന്‍ വിശ്വാസികളെ സജ്ജരാക്കുന്ന ഗ്രാന്റ് മുഫ്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന ‘ബൈഅത്തുസ്സുഹ്ബ’ സമാപന സമ്മേളനത്തിലെ മുഖ്യ ചടങ്ങാണ്. പ്രത്യേക പ്രാര്‍ത്ഥനക്ക് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. സമസ്ത സക്രട്ടറി എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങള്‍ തളീക്കര, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി, അപ്പോളോ മൂസ ഹാജി, എം.എന്‍ കുഞ്ഞഹമ്മദ് ഹാജി, അബ്ദുല്‍ കരീം ഹാജി വെങ്കിടന്‍, എം.എന്‍ സിദ്ധീഖ് ഹാജി, ഫ്ലോറ ഹസ്സന്‍ ഹാജി സംബന്ധിക്കും. അമേരിക്കയില്‍ നടക്കുന്ന അന്താരാഷ്ട്ര റോബോട്ടിക് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നാഹിദ് അബൂബക്കര്‍, മുഹമ്മദ് യഹിയ, വാറങ്കലില്‍ നിുന്നും ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ഷാഫി നൂറാനി, മണിപ്പാല്‍ യൂണിവേര്‍സിറ്റിയുടെ അക്കാദമിക് ഇന്റേഷിപ്പ് ലഭിച്ച അന്‍വര്‍ ഹനീഫ, അബ്ദുല്‍ ഫത്താഹ് എന്നീ മര്‍കസ് ഗാര്‍ഡന്‍ വിദ്യാര്‍ത്ഥികളെ അനുമോദിക്കും. റമളാന്‍ രിഹ്ലയുടെ ഭാഗമായി മദീനത്തുന്നൂര്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ നേപ്പാള്‍, മ്യാന്മാര്‍, മലേഷ്യ, ഒമാന്‍, ഇന്തോനേഷ്യ, ശ്രീലങ്ക അന്താരാഷ്ട്ര യാത്രകളുടെ അനുഭവ വിവരണം ‘ദിക്കുകളുടെ വിളികേട്ട്’ എന്ന യാത്രാകുറിപ്പ്, ഗ്ലോക്കല്‍ മീഡിയയും എസ്.എം.എ പബ്ലിക്കേഷനും സംയുക്തമായി പുറത്തിറക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ‘പ്രിയപ്പെട്ട കുട്ടികളെ’ രണ്ടാം പതിപ്പ്, മദീനത്തുന്നൂര്‍ വിദ്യാര്‍ത്ഥി സിനാന്‍ തരുവണ ഭാഷാന്തരം ചെയ്ത അതിന്റെ അറബി പതിപ്പ് ‘യാ ബുനയ്യ’ എന്നിവ നഗരിയില്‍ പ്രകാശിതമാകും. ദൃശ്യവിരുന്നൊരുക്കി ഗ്രാന്റ് മുഫ്തി തിയ്യറ്റര്‍ പ്രദര്‍ശനവും നടക്കുന്നുണ്ട്.


SHARE THE NEWS