മര്‍കസ് തകാഫുല്‍ സംഗമം സംഘടിപ്പിച്ചു

0
849

കാരന്തൂര്‍ : മര്‍കസിലെ വിദ്യാര്‍ത്ഥികളുടെ പഠന ചിലവ് ഏറ്റെടുത്ത് നടത്തുന്ന തകാഫുല്‍ പദ്ധതിയില്‍ അംഗങ്ങളായവരുടെ ഫാമിലി മീറ്റ് സംഘടിപ്പിച്ചു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തകാഫുല്‍ പ്രതിനിധികളും കുടുംബാംഗങ്ങളും സംബന്ധിച്ചു. മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ അതുല്യമായ വിദ്യാഭ്യാസ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി പതിനായിരങ്ങളെ വൈജ്ഞാനികമായും സാംസ്‌കാരികമായും ഉയര്‍ത്തിക്കൊണ്ട്‌വരുന്ന മര്‍കസിനെ ഹൃദയപൂര്‍വ്വം ചേര്‍ത്തുവെച്ച ആയിരക്കണക്കിനാളുകളുണ്ട്. സ്വന്തം കുടുംബാംഗങ്ങളെ പോലെ മര്‍കസ് വിദ്യാര്‍ത്ഥികളെ പരിഗണിക്കാന്‍ വിശ്വാസികള്‍ക്ക് സാധിക്കുന്നത് ആത്മീയമായ ചൈതന്യവും അറിവിനോടുള്ള അഭിനിവേശവും ഉള്ളത് കൊണ്ടാണ്. മര്‍കസിലെ എല്ലാ ചടങ്ങുകളിലും ഇത്തരം സഹകാരികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയും ഉണ്ടാകാറുണ്ട്. കാന്തപുരം പറഞ്ഞു.
മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. ചിയ്യൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, ലത്തീഫ് സഖാഫി പെരുമുഖം, ഹനീഫ അസ്ഹരി കാരന്തൂര്‍, വി.പി.മുഹമ്മദ് സഖാഫി വില്ല്യാപള്ളി, റശീദ് സഖാഫി ചൊക്ലി പ്രസംഗിച്ചു. അക്ബര്‍ ബാദുഷ സഖാഫി സ്വാഗതവും ഇര്‍ഷാദ് നിസാമി നന്ദിയും പറഞ്ഞു.