മര്‍കസ് ദിനാചരണം നാളെ: യൂണിറ്റുകളിലും വിദ്യാലയങ്ങളിലും പ്രത്യേക പരിപാടികള്‍

0
501

കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളത്തിന് ഇനി നൂറു ദിവസങ്ങള്‍. പാദേശിക തലങ്ങളില്‍ സമ്മേളന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് 2020 ജനുവരി 1 ബുധനാഴ്ച മര്‍കസ് ദിനമായി ആചരിക്കും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, പൊതുസ്ഥല ശുചീകരണം, വൃക്ഷത്തൈ നടല്‍ തുടങ്ങിയ പരിപാടികള്‍ മര്‍കസ് ദിനത്തില്‍ നടക്കും.

സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍, സുന്നി മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് വിദ്യാലയ പരിസരങ്ങളില്‍ ഫലവൃക്ഷത്തൈ നടല്‍ നടക്കും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് സ്ഥപനങ്ങളില്‍ പ്രത്യേക പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തെ മുഴുവന്‍ യൂണിറ്റുകളിലും സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, സമ്മേളനത്തെ കുറിച്ചുള്ള ലഘുപ്രഭാഷണം എന്നിവയും മര്‍കസ് ദിനത്തില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവകളുടെ ജില്ലാ, സോണ്‍, സെക്ടര്‍, റെയിഞ്ച് , യൂണിറ്റ് ഘടകങ്ങള്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളന പ്രചാരണ ഭാഗമായി യൂണിറ്റുകളില്‍ സ്ഥാപിക്കേണ്ട ബോര്‍ഡ് ഡിസൈന്‍ https://conference.markaz.in വെബ്സൈറ്റില്‍ ലഭ്യമാണ്. മര്‍കസ് ദിന പരിപാടികളുടെ ദൃശ്യങ്ങള്‍ newmedia@markaz.in എന്ന ഇമെയിലിലോ +919072500404 നമ്പറിലെ വാട്ട്‌സ്ആപ്പിലോ അയക്കണമെന്ന് സമ്മേളന സ്വാഗത സംഘം ഓഫീസില്‍ നിന്നറിയിച്ചു.