മര്‍കസ് നോളജ് സിറ്റിയിലെ ശരീഅ സിറ്റിക്ക് തുടക്കമായി

0
772

കൈതപ്പൊയില്‍: ഇസ്‌ലാമിക പഠനത്തിനും മുസ്‌ലിം സാംസ്‌കാരിക ഗവേഷണങ്ങള്‍ക്കുമായി മര്‍കസ് നോളജ് സിറ്റിയില്‍ ശരീഅ സിറ്റിക്ക് സമാരംഭം കുറിച്ചു. മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എപി അബുബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ആയിരത്തോളം മത വിദ്യാര്‍ഥികള്‍ക്ക് സ്വഹീഹുല്‍ ബുഖാരിയുടെ ഇജാസത് കൈമാറിയാണ് തുടക്കം കുറിച്ചത്.
നിലവില്‍ ശരീഅ സിറ്റിക്ക് കീഴില്‍ നൂതനമായ ശാസ്ത്ര-സാഹിത്യ ഗവേഷണങ്ങള്‍ക്കായി മലൈബാര്‍ ഇന്‍സ്റ്റിട്ടൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് എന്ന സ്ഥാപനവും വൈദ്യശാസ്ത്ര-നിയമ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റഗ്രേറ്റഡ് ഇസ്ലാമിക റെവെല്‍ഡ് നോളജ് എന്ന ഫൗണ്ടെഷണല്‍ കോഴ്സും ആരംഭിച്ചിട്ടുണ്ട്. മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് ഡിസംബര്‍ അവസാനത്തില്‍ അന്താരാഷ്ട അക്കാദമിക് സെമിനാറും നടക്കും.
ലോകോത്തര നിലവാരത്തിലുള്ള ഇസ്ലാമിക പഠനത്തിനും, ഗവേഷണത്തിനുമായി വിവിധ അന്താരാഷ്ട സര്‍വകലാശാലകളുമായും ഇന്‍സ്റ്റിറ്റിയൂറ്റുകളുമായും സഹകരിച്ച് പുതിയ ഗവേഷണ പദ്ധതികള്‍ ശരീഅ സിറ്റിക്ക് കീഴില്‍ നടക്കും. കേരളത്തിലെ വിവിധ ദഅവ-ശരീഅത്ത്- ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള അക്കാദമിക് ഓറിയന്റഷന്‍ ഹ്രസ്വകാല കോഴ്‌സുകളും ഇതോടൊപ്പം സംഘടിപ്പിക്കും. സംഗമത്തില്‍ കേരളത്തിലെ വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു.
രാവിലെ ഒന്‍പത് മണിക്ക് ആരംഭിച്ച ടെക്‌നികല്‍ സെഷനുകള്‍ക്ക് കാന്തപുരം എപി മുഹമ്മദ് മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഡോ അബ്ദുല്‍ ഹകീം അസ്ഹരി, ഡോ അബ്ദുല്‍ സലാം, ഡോ ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല എന്നിവര്‍ നേത്ര്യത്വം നല്‍കി.