മര്‍കസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി

0
830

ന്യൂഡല്‍ഹി: മര്‍കസ് പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. സാമൂഹിക ക്ഷേമ പദ്ധതികള്‍ യാഥാര്‍ത്ഥ അവകാശികളിലേക്ക് എത്തിക്കുന്നതില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന മര്‍കസ് മാതൃകയാണ്. ജാതിമത ഭേദ്യമന്യേ ആയിരങ്ങള്‍ക്കായി മര്‍കസ് വിദ്യാഭ്യാസവും ക്ഷേമപദ്ധതികളും നടപ്പാക്കുന്നുണ്ടെന്നും നഖ്‌വി പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി ഡല്‍ഹിയിലെ നിസാമുദ്ദീന്‍ വെസ്റ്റ് കമ്മ്യൂണിറ്റി സെന്ററില്‍ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥ അവകാശികളിലെത്തിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികളെക്കാള്‍ സന്നദ്ധ സംഘടനകള്‍ക്ക് സാധിക്കുമെന്നും നഖ്‌വി പറഞ്ഞു. ചടങ്ങില്‍ ഭിന്നശേഷിക്കുള്ള വീല്‍ചെയറുകള്‍, ശ്രവണ സഹായ ഉപകരണങ്ങള്‍, കണ്ണടകള്‍, പാവപ്പെട്ട സ്ത്രീകള്‍ക്ക് തയ്യല്‍ മെഷീനുകള്‍, ശൈത്യകാല വസ്ത്രങ്ങള്‍ എന്നിവയുടെ വിതരണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. റൂബി ജൂബിലിയുടെ ഭാഗമായി വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മിച്ച നൂറ്റിഇരുപതോളം പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളുടെയും ഡല്‍ഹിയിലെ സിലമ്പൂരില്‍ സ്ഥാപിച്ച ടൈലറിംഗ് പരിശീലന കേന്ദ്രം, വിവിധ ഭാഗങ്ങളിലെ ശുദ്ധജല പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു. ആര്‍.സി.എഫ്.ഐ മാനേജര്‍ റശീദ് പുന്നശ്ശേരി, ഡോ. അബ്ദുല്‍ ഹഫീസ്(പ്രൊഫ. ജെ.എന്‍.യു), ഷമീം ഖാന്‍, മുംതാസ് സാഹബ്, സിദ്ധീഖ് മുഹമ്മദ്, നൗഫല്‍ ഖുദ്‌റാന്‍ സംബന്ധിച്ചു.