മര്‍കസ് മതപ്രഭാഷണ പരമ്പരക്ക് പ്രൗഢ തുടക്കം

0
795

കാരന്തൂര്‍: മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച സപ്തദിന മതപ്രഭാഷണ പരമ്പരക്ക് പ്രൗഢ തുടക്കം. ഇസ്‌ലാമികമായ വിശ്വാസ-കര്‍മ്മ-ആത്മീയ കാര്യങ്ങളെക്കുറിച്ചുള്ള പ്രമുഖരുടെ പ്രഭാഷണങ്ങളാണ് പരിപാടിയില്‍ നടക്കുന്നത്. ഇന്നലെ രാത്രി 7 മണിക്ക് നടന്ന ഉദ്ഘാടന പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പേരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. യഥാര്‍ത്ഥ വിശ്വാസികളുടെ സവിശേഷത ആത്മീയവും വിശ്വാസപരവുമായ കാര്യങ്ങളില്‍ ഇസ്‌ലാമിന്റെ തനതായ പാതയില്‍ ഉറച്ചു നില്‍ക്കുന്നവരാണെന്നതാണ്. ഇസ്‌ലാമിക വിശ്വാസത്തെയും കര്‍മശാസ്ത്രത്തെയുമൊക്കെ തെറ്റായി വ്യാഖ്യാനിക്കുകയും പാരമ്പര്യത്തെ നിഷേധിക്കുകയും ചെയ്യുന്നവര്‍ സമൂഹത്തില്‍ അപകടകരമായ പ്രവണതയാണ് സൃഷ്ടിക്കുന്നത്. വിശ്വാസികള്‍ ജാഗ്രതയോടെ ഇത്തരം പ്രവണതകളെ സൂക്ഷിക്കണമെന്നും ആധ്യാത്മിക വിശ്വാസ കാര്യങ്ങളില്‍ യഥാര്‍ത്ഥ വഴിയെ അനുധാവനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മുഹമ്മദ് തുറാബ് തങ്ങളുടെ അധ്യക്ഷതയില്‍ സി.മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ബീരാന്‍ മുസ്‌ലിയാര്‍ പെരുവയല്‍ സ്വാഗതവും ദുല്‍കിഫില്‍ സഖാഫി നന്ദിയും പറഞ്ഞു. ഫോട്ടോ. മര്‍കസില്‍ നടന്ന പ്രഭാഷണ പരിപാടിയിലെ ആദ്യ ദിവസം പേരോട് അബ്ദുറഹ്മാന്‍ സഖാഫി സംസാരിക്കുന്നു.