മര്‍കസ് റൂബി ജൂബിലി: അശ്അരിയ്യഃ ദഅവ കോളജ് 40 കേന്ദ്രങ്ങളില്‍ പദയാത്ര നടത്തും

0
901

കൊച്ചി: വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയില്‍ മാതൃകാ സ്ഥാപനമായ മര്‍കസിന്റെ റൂബി ജൂബിലിയുടെ ഭാഗമായി തെക്കന്‍ കേരളത്തിലെ പ്രമുഖ മത ഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ അശ്അരിയ്യയിലെ ദഅവ കോളജ് വിദ്യാര്‍ത്ഥി സംഘടന അശ്അരിയ്യഃ ദഅവ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(എ.ഡി.എസ്.എ) എറണാകുളം ജില്ലയിലെ 40 പ്രമുഖ കേന്ദ്രങ്ങളില്‍ വിളംബര പദയാത്ര നടത്തും. പദയാത്രയുടെ ഉദ്ഘാടനം മര്‍കസ് ചാന്‍സിലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എ.ഡി എസ്.എ ഭാരവാഹികള്‍ക്ക് പതാക കൈമാറി നിര്‍വഹിച്ചു.
കലൂര്‍, കളമശ്ശേരി, കാക്കനാട്, വൈറ്റില, ആലുവ, പെരുമ്പാവൂര്‍, കൊച്ചി, മുവാറ്റുപുഴ, നെടുമ്പാശേരി, ഇടപ്പള്ളി, പാലാരിവട്ടം, പറവൂര്‍, മറൈന്‍ ഡ്രൈവ്, തൃപ്പൂണിത്തുറ, നെട്ടൂര്‍, മട്ടാഞ്ചേരി, ഏലൂര്‍, എച്ച്.എം.ടി തുടങ്ങിയ പ്രധാനപ്പെട്ട 40 കേന്ദ്രങ്ങളിലാണ് വിളംബര പദയാത്ര സംഘടിപ്പിക്കുന്നത്. മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ സേവനങ്ങള്‍ തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സമ്മേളന പ്രചാരണാര്‍ത്ഥം വിവിധങ്ങളായ പദ്ധതികള്‍ക്ക് അശ്അരിയ്യഃ ദഅവ കോളജ് നേതൃത്വം നല്‍കുമെന്ന് അശ്അരിയ്യഃ ഡയറക്ടര്‍ കെ.എസ്.എം ഷാജഹാന്‍ സഖാഫി കാക്കനാട് പറഞ്ഞു.


വാഹന പ്രചാരണ യാത്ര, കവലപ്രസംഗങ്ങള്‍, മര്‍കസിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിലെ സേവനങ്ങളടങ്ങുന്ന പ്രദര്‍ശനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ പദ്ധതികള്‍ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പരിപാടിയില്‍ മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എ അഹമ്മദ് കുട്ടി ഹാജി, അശ്അരിയ്യഃ ജനറല്‍ സെക്രട്ടറി വി.എച്ച് അലി ദാരിമി, അശ്അരിയ്യഃ ദഅവ കോളജ് ഡയറക്ടര്‍ കെ.എസ്.എം ഷാജഹാന്‍ സഖാഫി കാക്കനാട്, എം.പി അബ്ദുല്‍ ജബ്ബാര്‍ സഖാഫി, ഷാജഹാന്‍ ബാഖവി നെട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.