മര്‍കസ് റൂബി ജൂബിലി: നാല്‍പത് ചാരിറ്റി പദ്ധതികളുടെ ലോഞ്ചിങ് നാളെ

0
831

കോഴിക്കോട്: 2018 ജനുവരി 5,6,7 തിയ്യതികള്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാല്‍പത് ചാരിറ്റി പദ്ധതികളുടെ ഔദ്യോഗിക ലോഞ്ചിങ് നാളെ (തിങ്കളാഴ്ച) നടക്കും. രാവിലെ പത്തു മണിക്ക് മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റ രംഗത്ത് ശ്രദ്ധയൂന്നിയാണ് മര്‍കസിന്റ നാല്‍പത് വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍. രാജ്യത്തെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാല് സോണുകളായി തിരിച്ച് പ്രത്യേക സന്നദ്ധ സേവകരെ നിയോഗിച്ചാണ് മര്‍കസ് സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. രാജ്യത്താകെ ഇതിനകം 9.7 മില്യണ്‍ പേരാണ് മര്‍കസ് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉപഭോക്താക്കള്‍.
വിദ്യാഭ്യാസ സ്ഥാപങ്ങളുടെ നിര്‍മ്മാണം, കമ്മ്യൂണിറ്റി സെന്റര്‍ നിര്‍മാണം, ശുദ്ധ ജല പദ്ധതികള്‍,അനാഥ സംരക്ഷണം, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണം, ഭക്ഷണക്കിറ്റ് വിതരണം, വസ്ത്ര വിതരണം, ഗ്രാമീണ വികസനം, ഭിന്നശേഷിക്കാര്‍ക്കുള്ള പരിശീലനവും സഹായ വിതരണവും, ശൗച്യാലയ നിര്‍മാണം, പരിസ്ഥിതി സംരക്ഷണം, തൊഴില്‍ ഉപകരണ വിതരണം, ദുരിത ബാധിതര്‍ക്കുള്ള സഹായം, ശ്രവണ സഹായ ഉപകരണ വിതരണം, സ്‌പെഷ്യല്‍ സ്‌കൂള്‍ നിര്‍മ്മാണം, ടൈലറിംഗ് മെഷീന്‍ വിതരണം, ഡ്രീം ഹോം, ഹൃദയ ശാസ്ത്രക്രിയ സഹായം, മെഡിക്കല്‍ ക്യാമ്പുകള്‍, കണ്ണട വിതരണവും ശാസ്ത്രക്രിയ സഹായവും, പഠനോപകരണ വിതരണം, വിധവകള്‍ക്കും വയോജനങ്ങള്‍ക്കും ഉള്ള ധനസഹായം, ജല സംഭരണികളുടെയും മോട്ടോറിന്റെയും വിതരണം, മദ്രസ നിര്‍മ്മാണം തുടങ്ങി നാല്‍പത് ജീവകാരുണ്യ പദ്ധതികളാണ് റൂബി ജൂബിലിയുടെ ഭാഗമായി രാജ്യത്താകെ ഇപ്പോള്‍ നടന്നുവരുന്നത്.
ഭിന്നശേഷിയുള്ളവരുടെ ജീവിത-വിദ്യാഭ്യാസ ചെലവിനുള്ള ധനസഹായ വിതരണം ചടങ്ങില്‍ മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കും. സാമ്പത്തിക പരാധീനതയുള്ള മല്‍സ്യ തൊഴിലാളികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നല്‍കുന്ന മല്‍സ്യബന്ധന ബോട്ടുകളുടെ ആദ്യഘട്ട വിതരണം പതിനാറ് കുടുംബങ്ങള്‍ക്ക് എട്ടു ബോട്ടുകള്‍ നല്‍കി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നിര്‍വ്വഹിക്കും. വീല്‍ചെയര്‍ വിതരണത്തിന് പി.ടി.എ റഹീം എം.എല്‍.എ, കണ്ണട വിതരണത്തിന് കാര്‍ഷിക യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. പികെ അബ്ദുല്‍ അസീസ്, ഹിയറിങ് എയ്ഡ് വിതരണത്തിന് അഡ്വ. ഖാജാ മുഈനുദ്ധീന് ചിശ്തി എന്നിവര്‍ നേതൃത്വം നല്‍കും.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, നോളേജ് സിറ്റി സി.ഇ.ഒ ഡോ. പി.എം അബ്ദുസ്സലാം പ്രസംഗിക്കും. കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, പ്രഫ. എ.കെ അബ്ദുല്‍ ഹമീദ്, ജി. അബൂബക്കര്‍, ഉനൈസ് മുഹമ്മദ്, സംബന്ധിക്കും.