മര്‍കസ് റൂബി ജൂബിലി: പതാക ഉയര്‍ത്തലും മീഡിയ കണ്‍വെന്‍ഷനും ഇന്ന്

0
948
SHARE THE NEWS

കുന്ദമംഗലം : മര്‍കസ് മര്‍കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി പതാക ഉയര്‍ത്തലും മീഡിയ കണ്‍വെന്‍ഷനും ഇന്ന്(29.12.17 വെള്ളി) നടക്കും. ഒരു വര്‍ഷമായി കേരളത്തിലും മലയാളികള്‍ പ്രവാസികളായ വിദേശരാജ്യങ്ങളിലും നടക്കുന്ന വ്യത്യസ്തമായ വിദ്യാഭ്യാസ ജീവകാരുണ്യ പരിപാടികളുടെ സമാപനമാണ് നാല്പതാം വാര്‍ഷിക സമ്മേളനം. 1978ല്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ആരംഭിച്ച മര്‍കസ് വിദ്യാഭ്യാസ സാമൂഹിക രംഗത്ത് രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള കാമ്പസുകളില്‍ നിന്നും ഇതിനകം ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ നാല്‍പതിനായിരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ജീവകാരുണ്യ രംഗത്ത് ഒന്നരക്കോടിയിലധികം ആളുകളിലേക്ക് മര്‍കസിന്റെ സേവനം എത്തിയിട്ടുണ്ട്. നാല്പത് വര്‍ഷമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റൂബിജൂബിലിയോടെ കൂടുതല്‍ ഇടങ്ങളിലേക്ക് മര്‍കസ് വ്യാപിപ്പിക്കും. പര്യവേക്ഷണം വൈജ്ഞാനിക മികവിന് എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന റൂബി സമ്മേളനം ജനുവരി 4,5,6,7 തിയ്യതികളില്‍ കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും.
ഇന്ന് ഉച്ചക്ക് 01.30ന് നടക്കുന്ന പതാക ഉയര്‍ത്തല്‍ കര്‍മ്മത്തിന് മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നേതൃത്വം നല്‍കും. കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ, കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം തുടങ്ങി പ്രമുഖ പണ്ഡിതന്‍മാരും സാദാത്തീങ്ങളും സംബന്ധിക്കും. വൈകുന്നേരം 3 മണിക്ക് നടക്കുന്ന മീഡിയ കണ്‍വെന്‍ഷനില്‍ കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ട് സംസാരിക്കും. കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യും. സി.മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. എം.ജി രാധാകൃഷ്ണന്‍, മാത്യൂസ് വര്‍ഗീസ്, നികേഷ് കുമാര്‍, കമാല്‍ വരദൂര്‍, കെ.മധു, മുസ്ഥഫ പി.എറയ്ക്കല്‍, പ്രേംനാഥ്, ശരീഫ് കാരശ്ശേരി, രാജീവ് ദേവരാജ്് പ്രസംഗിക്കും.
ഡിസംബര്‍ 30,31 തിയ്യതികളില്‍ (ശനി, ഞായര്‍) മര്‍കസ് നോളെജ് സിറ്റിയില്‍ നടക്കുന്ന അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സ് നടക്കും. മലേഷ്യയിലെ കെബംഗ്‌സാന്‍ യൂണിവേഴ്‌സിറ്റി,ഇറ്റലിയിലെ തവസ്സുല്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് ഡയലോഗ് എന്നിവയുമായി സഹകരിച്ച് മര്‍കസ് നോളെജ് സിറ്റിയിലെ ഗവേഷണ സംരംഭമായ മലൈബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസാണ് അക്കാദമിക് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്. ഇസ്‌ലാമും മുസ്‌ലിം ലോകവും എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന അക്കാദമിക് കോണ്‍ഫറന്‍സില്‍ 26 സെഷനുകളിലായി 5 വേദികളില്‍ 129 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 21 വിദേശപണ്ഡിതന്‍മാര്‍ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കും. 30 യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കും.
ഡിസംബര്‍ 31ന് ബാക് ടു മര്‍കസ്, ഹാദിയ കോണ്‍വെക്കേഷന്‍ എന്നിവ നടക്കും. മര്‍കസിലെ വിവിധ ക്യാമ്പസുകളില്‍ പഠിച്ച പതിനായിരക്കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ബാക് ടു മര്‍കസ് പരിപാടിയില്‍ സംബന്ധിക്കും. 2016-17 അധ്യായന വര്‍ഷത്തില്‍ മര്‍കസ് സ്ത്രീ വിദ്യാഭ്യാസ സംരംഭമായ ഹാദിയ കോഴ്‌സ് പൂര്‍ത്തിയാക്കിയ 650 വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാദിയ കോണ്‍വെക്കേഷനില്‍ വിതരണം ചെയ്യും.
അന്താരാഷ്ട്ര പണ്ഡിതന്‍മാരും രാജ്യത്തെ പ്രഗല്‍ഭരായ സാമൂഹിക രാഷ്ട്രീയ വ്യക്തിത്വങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും അടക്കം ലക്ഷങ്ങള്‍ സംബന്ധിക്കുന്ന റൂബിജൂബിലി സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ മര്‍കസില്‍ പൂര്‍ത്തിയായതായി മര്‍കസ് ഡയറക്ടര്‍ ഡോ.എ.പി അബ്ദുല്‍ ഹകീം അസ്ഹരി അറിയിച്ചു.


SHARE THE NEWS