മര്‍കസ് റൂബി ജൂബിലി: സന്ദേശയാത്രകള്‍ക്ക് പ്രൗഢ സമാപനം

0
799

പാലക്കാട്/കൊണ്ടോട്ടി: 2018 ജനുവരി 4,5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് റൂബി ജൂബിലി സംസ്ഥാന തല പ്രചാരണ ഭാഗമായി സംഘടിപ്പിച്ച സന്ദേശയാത്രകള്‍ക്ക് പ്രൗഡസമാപനം. കാസര്‍ഗോഡ് നിന്നാരംഭിച്ച ഉത്തരമേഖല യാത്ര മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലും തലസ്ഥാന നഗരിയില്‍ നിന്നാരംഭിച്ച ദക്ഷിണമേഖലാ സന്ദേശ യാത്ര പാലക്കാട് ജില്ലയിലെ കരിങ്കല്ലത്താണിയിലും സമാപിച്ചു.
ഉത്തരമേഖലാ പ്രചാരണ ജാഥയുടെ സമാപന സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പൊന്മള മുഹ്‌യിദ്ദീന്‍ കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.
സമുദായത്തിന് കേരളത്തിലും ഇന്ത്യയിലും തല ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കുന്നതില്‍ മര്‍കസ് നല്‍കിയ സംഭാവന ആരാലും അംഗീകരിക്കുന്നതാണെന്ന് കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാര്‍ പറഞ്ഞു. വിദ്യാഭ്യാസ, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം വളര്‍ന്ന് പന്തലിച്ചിരിക്കുകയാണ്. നഴ്‌സറി വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ പാവപ്പെട്ടവന് ലഭ്യമാക്കുന്നതിന് മര്‍കസിന് സാധിച്ചു. മര്‍കസിന്റെ വളര്‍ച്ചക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് മര്‍കസിന്റെ സേവനങ്ങളെ അംഗീകരിക്കേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
ജാഥാ ക്യാപ്റ്റന്‍ സയ്യിദ് അബ്ദുല്‍ സ്വബൂര്‍ ബാഹസന്‍സ കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വി.പി.എം ഫൈസി വില്യാപള്ളി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് സൈനുല്‍ അബീദീന്‍ ജമലുല്ലൈലി, മജീദ് കക്കാട്, ജി. അബൂബക്കര്‍, ഹസന്‍ സഖാഫി തറയിട്ടാല്‍, സിദ്ധീഖ് സഖാഫി അരിയൂര്‍ പ്രസംഗിച്ചു.
ദക്ഷിണ മേഖല സന്ദേശ യാത്ര പാലക്കാട് ജില്ലയിലെ അതിര്‍ത്തിയായ കരിങ്കല്ലത്താണിയില്‍ സമാപിച്ചു. സന്ദേശയാത്രയുടെ നായകന്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ്, കൊമ്പം കെ.പി മുഹമ്മദ് മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, സി. മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.