മര്‍കസ് ശരീഅത്ത് കോളജ് അധ്യായനോദ്ഘാടനം പ്രൗഢമായി

0
786

കുന്നമംഗലം: ഇസ്‌ലാമിക വിജ്ഞാന രംഗത്ത് രാജ്യത്തെ മികച്ച നിലവാരത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അധ്യായനം നടത്തുന്ന മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ ശരീഅത്ത് കോളജ് പഠനോദ്ഘാടനം പ്രൗഢമായി. അറബി മാസമായ ശവ്വാലില്‍ ഇസ്‌ലാമിക ജ്ഞാനശാലകള്‍ പുതിയ അക്കാദമിക വര്‍ഷത്തിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് മര്‍കസില്‍ അല്‍ മുസല്‍സലതുല്‍ അവ്വലിയ്യ എന്ന നാമധേയത്തില്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഇതോടെ ശരീഅത്ത് കോളജിലെ മുത്വവ്വല്‍, തഖസ്സുസ്, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ഉസൂലുദ്ദീന്‍, ഉറുദു സ്റ്റഡി സെന്റര്‍, മുഖ്തസ്വര്‍ ഡിപ്പാര്‍ട്ടുമെന്റുകളില്‍ 1500ലധികം വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം പഠനമാരംഭിച്ചത്.
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടി ഇസ്‌ലാമിക ലോകത്തെ വിഖ്യാതമായ ഹദീസ് ഗ്രന്ഥം ബുഖാരിയിലെ പ്രഥമാധ്യായം ക്ലാസെടുത്ത് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പഠനകാലത്ത് അഗാധമായ തൃഷ്ണയോടെയും ആത്മാര്‍ത്ഥയോടെയും വിജ്ഞാനം കരസ്ഥമാക്കുന്നവര്‍ക്ക് ഉന്നതമായ സ്ഥാനമാണ് സ്രാഷ്ടാവിന്റെ അടുക്കലെന്ന് അദ്ദേഹം പറഞ്ഞു. 1960കളിലെ വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിലെ പഠനാനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.
ചടങ്ങില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഖഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ ഭാഷണവും പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ആശംസാ പ്രസംഗവും നടത്തി. സി. മുഹമ്മദ് ഫൈസി സ്വാഗതം പറഞ്ഞു. സയ്യിദ് ഫസല്‍ കോയമ്മ (കൂറാ തങ്ങള്‍) പ്രാര്‍ത്ഥന നടത്തി. എ.പി മുഹമ്മദ് മുസ്‌ലിയാര്‍, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, ഹസ്രത്ത് മുഖ്താര്‍ ബാഖവി, വി.പി.എം വില്യാപള്ളി, പി.സി അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് അബ്ദുറഹ്മാന്‍ ബുഖാരി, മലയമ്മ അബ്ദുല്ല സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു.