മര്‍കസ് റൂബി ജൂബിലി: ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

0
924

കുന്ദമംഗലം : 2018 ജനുവരി 4,5,6,7 തിയ്യതികളില്‍ നടക്കുന്ന മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ റൂബി ജൂബിലി മഹാ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി സ്വാഗതസംഘം വിലയിരുത്തി. അന്താരാഷ്ട്ര നേതാക്കളും ദേശീയ രംഗത്തെ പ്രമുഖ സാമൂഹിക-സാംസ്‌കാരിക വ്യക്തിത്വങ്ങളും സംബന്ധിക്കുന്ന നാല് ദിവസത്തെ സമ്മേളനത്തില്‍ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം സ്ഥിരം പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച വിവിധ ഉപസമിതികള്‍ മീറ്റിംഗ് ചേര്‍ന്ന് അന്തിമഘട്ട പദ്ധതികള്‍ ആസൂത്രണം ചെയ്തു. പ്രചാരണ സമിതി, പ്രോഗ്രാം കമ്മിറ്റി, മീഡിയ, ഫുഡ്,ഫിനാന്‍സ്,ഗസ്റ്റ് റിലേഷന്‍, മെഡിക്കല്‍, ലോ& ഓര്‍ഡര്‍, ഗതാഗതം, സ്വീകരണം, വളണ്ടിയര്‍, വിഭവ സമാഹാരം, എക്‌സ്‌പോ, ലൈറ്റ് ആന്റ് സൗണ്ട്, സോവനീര്‍ സമിതി, ശുദ്ധജലം, അലുംനി മീറ്റ്, വേള്‍ഡ് സഖാഫി സമ്മിറ്റ് തുടങ്ങി ഇരുപത്തിയഞ്ച് ഉപസമിതികള്‍ക്ക് കീഴില്‍ ഒരു വര്‍ഷമായി നടത്തി വരുന്ന പ്രവര്‍ത്തനങ്ങളാണ് അവസാന ഘട്ടത്തിലെത്തിയിരിക്കുന്നത്. മര്‍കസ് ജനറല്‍ മാനേജര്‍ സി.മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. മജീദ് കക്കാട് മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജി.അബൂബക്കര്‍ അന്തിമഘട്ട വിലയിരുത്തലിന് നേതൃത്വം നല്‍കി. നാസര്‍ ചെറുവാടി സ്വാഗതവും അക്ബര്‍ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.