കോഴിക്കോട്: മര്‍കസ് 43-ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 2020 ജനുവരി 1 ബുധനാഴ്ച മര്‍കസ് ദിനമായി ആചരിക്കും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, പൊതുസ്ഥല ശുചീകരണം, വൃക്ഷത്തൈ നടല്‍ തുടങ്ങിയ പരിപാടികള്‍ നടക്കും. സുന്നി വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍, സുന്നി മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍, ഇന്ത്യയിലെ വിവിധ മര്‍കസ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മര്‍കസ് 43 വര്‍ഷത്തെ അനാവരണം ചെയ്യുന്ന കൊളാഷ് പ്രദര്‍ശനം, വിദ്യാലയ പരിസരങ്ങളില്‍ ഫലവൃക്ഷത്തൈ നടല്‍ എന്നിവയും നടക്കും. മുഴുവന്‍ യൂണിറ്റുകളിലും അന്ന് സമ്മേളന പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവകളുടെ ജില്ലാ, സോണ്‍, സെക്ടര്‍, റെയിഞ്ച് , യൂണിറ്റ് ഘടകങ്ങള്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.