മര്‍കസ് സമ്മേളനം: ജില്ലാ സംഘാടകസമിതി രൂപവത്കരണം ആരംഭിച്ചു

0
579
മര്‍കസ് സമ്മേളന മലപ്പുറം ഈസ്റ്റ് ജില്ലാ സംഘാടക സമിതി രൂപീകരണ മീറ്റിങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: മര്‍കസ് നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളന ഭാഗമായി ജില്ലകളില്‍ സംഘാടക സമിതി രൂപവത്കരണം ആരംഭിച്ചു. കേരത്തിലെ 14 ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി, കര്‍ണ്ണാടകയിലെ കൊടഗ് ജില്ലകളിലാണ് സംഘടകസമിതികള്‍ നിലവില്‍ വരുന്നത്. ജില്ലകളിലെ സമസ്ത, കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മലപ്പുറം ഈസ്റ്റ് ജില്ലാ സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സാമൂഹിക മുന്നേറ്റ രംഗത്ത് അദ്വിതീയമായ ഇടപെടലുകളാണ് മര്‍കസ് നടത്തുന്നതെന്നും, രാജ്യത്തെ അവശ ജനവിഭാഗങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കാന്‍ വലിയരൂപത്തില്‍ സംഭാവനകള്‍ സമര്‍പ്പിക്കാന്‍ മര്‍കസിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളന ഭാഗമായി സുസ്ഥിര വികസനം ലക്ഷ്യമാക്കി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംസ്ഥാനത്താകെ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമസ്ത ജില്ലാ സെക്രട്ടറി പി. ഇബ്റാഹീം ബാഖവി അധ്യക്ഷത വഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ രൂപീകരണ യോഗം പ്രൊഫ. കെ.എം.എ റഹീം ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. പൊന്മള മുഹിയുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.

കണ്ണൂര്‍ അബ്റാറില്‍ പട്ടുവം കെ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി.പി.എം ഫൈസി വില്യാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. നീലഗിരിയില്‍ എന്‍. അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വയനാട് ജി അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. വള്ളിയാട് മുഹമ്മദലി സഖാഫി അധ്യക്ഷത വഹിച്ചു. കോട്ടയത്തും പത്തനംതിട്ടയിലും മര്‍സൂഖ് സഅദി പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ത്യശൂരില്‍ വി.എം കോയ മാസ്റ്റര്‍ സമ്മേളന പദ്ധതികള്‍ വിശദീകരിച്ചു.