മര്‍കസ് സമ്മേളനം: 2020 ജനുവരി 1ന് മര്‍കസ് ദിനം ആചരിക്കും

0
720

കോഴിക്കോട്: മര്‍കസ് 43ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി 2020 ജനുവരി 1 മര്‍കസ് ദിനമായി ആചരിക്കും. സംസ്ഥാനത്തെ വിവിധ യൂണിറ്റുകളില്‍ പതാക ഉയര്‍ത്തല്‍, ശുചീകരണം, വൃക്ഷത്തൈ നടല്‍ തുടങ്ങിയ പരിപാടികള്‍ അന്ന് നടക്കും. സുന്നി വിദ്യാഭ്യസ ബോര്‍ഡിന് കീഴിലുള്ള മദ്രസകള്‍, സുന്നി മാനേജ്മെന്റുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, ഇന്ത്യയിലെ വിവിധ മര്‍കസ് സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചും വ്യത്യസ്ത പരിപാടികള്‍ നടക്കും. വിദ്യാലയങ്ങളില്‍ മര്‍കസ് കൊളാഷ് പ്രദര്‍ശനം, വിദ്യാലയ പരിസരങ്ങളില്‍ ഫലവൃക്ഷത്തൈ നടല്‍ എന്നിവ നടക്കും. കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, സുന്നി മാനേജ്മെന്റ് അസോസിയേഷന്‍, സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നേതൃത്വം പരിപാടിക്ക് നല്‍കും.

‘സുസ്ഥിര വികസനം സുഭദ്ര രാഷ്ട്രം’ എന്ന പ്രമേയത്തില്‍ മര്‍കസ് നടത്തുന്ന സമ്മേളനത്തിന്റെ വിവിധ പദ്ധതികള്‍ സമൂഹത്തിന്റെ താഴെത്തട്ടിലേക്കു വ്യാപിക്കുകയെന്നതാണ് പുതുവത്സര ദിനത്തില്‍ നടക്കുന്ന മര്‍കസ് ദിനപരിപാടികള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.

ഇത് സംബന്ധമായി മര്‍കസില്‍ ചേര്‍ന്ന സമ്മേളന പ്രചാരണ സമിതി യോഗം മര്‍കസ് വൈസ് പ്രസിഡന്റ് കെ.കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. പ്രചരണ സമിതി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി പദ്ധതികള്‍ വിശദീകരിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, അക്ബര്‍ ബാദുശ സഖാഫി, സി.പി മൂസ ഹാജി, ജി അബൂബക്കര്‍, കലാം മാവൂര്‍ സംബന്ധിച്ചു. ലതീഫ് സഖാഫി പെരുമുഖം സ്വാഗതവും എന്‍. അബ്ദുറഹ്മാന്‍ നന്ദിയും പറഞ്ഞു.