മര്‍കസ് സാദാത്ത് സമ്മേളനത്തിന് പ്രൗഢസമാപ്തി

0
728

കുന്നമംഗലം: കേരളത്തിലെ വിവിധ പ്രവാചക കുടുംബങ്ങളിലെ സാദാത്തീങ്ങളെ പങ്കെടുപ്പിച്ചു മര്‍കസില്‍ സംഘടിപ്പിച്ച സാദാത്ത് ഡേ സംഗമം പ്രൗഢമായി. വിവിധ പ്രദേശങ്ങളില്‍ മതകീയവും സാമൂഹികവുമായ നേതൃത്വം നല്‍കുന്ന അഞ്ഞൂറിലധികം സയ്യിദന്മാര്‍ സംബന്ധിച്ച സമ്മേളനം അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിന്റെ ആഗമനം മുതല്‍ കേരളീയ മുസ്ലിംകള്‍ക്ക് ആദ്ധ്യാത്മികവും വൈജ്ഞാനികവുമായി നേതൃത്വം നല്‍കുന്നതില്‍ സയ്യിദന്മാര്‍ വഹിച്ച പങ്ക് അനുപമാണെന്നും കേരളത്തിന്റെ സമാധാനാന്തരീക്ഷം നിലനിറുത്തുന്നതിലും മതസൗഹാര്‍ദ്ദം ശക്തമാക്കുന്നതിലും അതുല്യമായ സംഭാവനകളാണ് അവരുടേതെന്നും കാന്തപുരം പറഞ്ഞു. പ്രവാചക കുടുംബ താവഴിയില്‍ പിറന്ന സയ്യിദന്മാരുടെ ധൈഷണിക നേത്ര്യത്വം മര്‍കസ് പോലെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതായിരുന്നു. സയ്യിദന്മാരെ ആദരിക്കാന്‍ പഠിപ്പിക്കുന്ന ഇസ്ലാമിക പാരമ്പര്യത്തെയാണ് കേരളത്തിലെ മുസ്ലിംകള്‍ പിന്തുടരുന്നതെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകര്‍ പഠിപ്പിച്ച ജീവിത വിശുദ്ധിയും ആത്മാര്‍ത്ഥതയും കൈമുതലാക്കിയ സയ്യിദന്മാര്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇസ്ലാമിക നാഗരിക ശാക്തീകരണത്തിന് നേതൃത്വം നല്‍കുന്നവരാണെന്നും, അതിലുപരി അനീതിക്കും അധര്‍മത്തിനും എതിരെ നിശിതമായ നിലപാടുകള്‍ എടുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വിടപറഞ്ഞ മര്‍കസ് വൈസ് പ്രസിഡന്റായിരുന്ന യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ തങ്ങളെ അനുസ്മരിച്ചു സി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തി. ഡോ എ.പി അബ്ദുല്‍ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പി.കെ.എസ് തങ്ങള്‍ തലപ്പാറ, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് സ്വബൂര്‍ ബാഹസന്‍, സയ്യിദ് കുഞ്ഞിസീതി കോയ കൊയിലാട്ട്, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് അലവി ജമലുല്ലൈലി, എളങ്കൂര്‍ മുത്തുകോയ തങ്ങള്‍, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍ ഒടോമ്പറ്റ, കെ.കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.