മര്‍കസ് സാധ്യമാക്കിയത് അവഗണിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ മുന്നേറ്റം: കാന്തപുരം

0
788

മൈസൂര്‍: ദക്ഷിണേന്ത്യയിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ മുന്നേറ്റം സാധ്യമാക്കുന്നതില്‍ അവധാനതയോടെയുള്ള ഇടപെടലുകളാണ് നാല്‍പത് വര്‍ഷമായി മര്‍കസ് നടത്തുന്നതെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച മൈസൂരിലെ മര്‍കസ് സ്ഥാപനമായ അല്‍ നൂര്‍ എജ്യുക്കേഷന്‍ സെന്ററിന്റെ ഇരുപതാം വാര്‍ഷിക സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൈസൂരിലെ പാവപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ പൂവണിയിക്കുന്നതില്‍ രണ്ട് പതിറ്റാണ്ടായി അദ്വിതീയമായ സേവനങ്ങളാണ് അല്‍ നൂര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഒരു വശത്ത് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുമ്പോള്‍ തന്നെ അവശ ജനവിഭാഗങ്ങളുടെ സാമൂഹിക ഉന്നമനത്തിന് വേണ്ടിയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മര്‍കസ് സജീവ പങ്കാളിത്തം വഹിക്കുന്നു. അല്‍ നൂര്‍ നടത്തിവരുന്നത് പോലുള്ള മുന്നേറ്റങ്ങള്‍ ഇന്ത്യയിലെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലും മര്‍കസ് കാര്യക്ഷമമായി നടപ്പിലാക്കുന്നു. പൊതുജനങ്ങളുടെയും വിദേശമലയാളികളുടെയുമെല്ലാം പിന്തുണയോടെയാണ് ഇത്തരം സേവനങ്ങളെന്നും കാന്തപുരം പറഞ്ഞു.
മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. മര്‍കസ് ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി റൂബി ജൂബിലി സന്ദേശപ്രഭാഷണം നടത്തി. സി.എം ഇബ്രാഹീം, മുഫ്തി സജ്ജാദ് ഹുസൈന്‍ മിസ്ബാഹി, റിസ്‌വാന്‍ അര്‍ഷദ്, എസ്.എസ്.എ ഖാദര്‍ ഹാജി, മഹ്മൂദ് മുസ്‌ലിയാര്‍ കുടക്, മുഹമ്മദ് ഷാഫി സഅദി, സിദ്ധീഖ് മോണ്ട്‌ഗോളി, ഇസ്മഈല്‍ സഖാഫി കുടക്, സി.പി സിറാജ് സഖാഫി, യു.കെ ഹമീദ് ഹാജി, കെ.വി ഖാദര്‍ ഹാജി, എന്‍. മുഹമ്മദ് ഹാജി പ്രസംഗിച്ചു.