മലേഷ്യയിലെ അന്താരാഷ്ട്ര മൗലിദ് സമ്മേളനം: മുഖ്യാതിഥിയായി കാന്തപുരം

0
805

ക്വലാലംപൂര്‍ (മലേഷ്യ) : മലേഷ്യയിലെ പുത്രജയയില്‍ നടന്ന അന്താരാഷ്ട്ര മൗലിദ് സമ്മേളനത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മലേഷ്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത മൗലിദ് സംഗമത്തില്‍ പ്രവാചകാനുരാഗത്തിന്റെ ആനുകാലിക പ്രസക്തി എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഭാഷണവും നടന്നു. മര്‍കസ് റൂബി ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച ഫാര്‍ഈസ്റ്റ് പര്യടനത്തിനായി ഇന്നലെ മലേഷ്യയിലെത്തിയതാണ് അദ്ദേഹം.
വിശ്വാസികള്‍ പ്രവാചക സ്‌നേഹം പ്രകടിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മാധ്യമമാണ് മൗലിദ് പാരായണമെന്ന് കാന്തപുരം പറഞ്ഞു. ലോകത്ത് എല്ലായിടത്തും വ്യത്യസ്ത രീതികളിലുള്ള പ്രവാചകപ്രകീര്‍ത്തനങ്ങളായ മൗലിദുകള്‍ പാരായണം ചെയ്യപ്പെടുന്നു. ഇന്ത്യയില്‍ മര്‍കസിന്റെ ആസ്ഥാന പ്രവിശ്യയായ കേരളത്തിലെ നൂറ്കണക്കിന് പണ്ഡിതന്‍മാര്‍ മൗലിദുകള്‍ രചിച്ചിട്ടുണ്ട്. ഇസ്‌ലാമിന്റെ കാവ്യസംസ്‌കാരത്തെയും സര്‍ഗാത്മകതയെയും പുഷ്ടിപ്പെടുത്താനും മൗലിദ് രചനകളും പാരായണങ്ങളും സഹാകയമായിട്ടുണ്ട്. എന്നാല്‍ വിശ്വാസത്തിന്റെ സത്ത തിരിച്ചറിയാത്ത ചിലര്‍ മൗലിദുകളെ മതത്തിനന്യമായി ചിത്രീകരിക്കാന്‍ ശ്രമം നടത്തുന്നു. യഥാര്‍ത്ഥത്തില്‍ അത്തരം ആളുകള്‍ മതത്തിന്റെ എല്ലാ ആത്മീയ മൂല്യങ്ങളെയും നിരാകരിക്കുന്നവരും പരമ്പരാഗത ഇസ്‌ലാമിക ജ്ഞാന ശാസ്ത്രത്തെ തള്ളിക്കളയുന്നവരുമാണ്. ലോകത്തെങ്ങുമുള്ള മുസ്‌ലിം പണ്ഡിതന്‍മാര്‍ ഇത്തരം മതത്തിലെ ദുര്‍വ്യാഖ്യാനക്കാരെ പ്രതിരോധിച്ചിട്ടുണ്ട്. മര്‍കസിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാകെ നടപ്പിലാക്കുന്നത് പ്രവാചക സ്‌നേഹം യഥാര്‍ത്ഥ തലത്തില്‍ പഠിച്ച വിശ്വാസികളുടെ രൂപീകരണമാണ്. കോഴിക്കോട് ആസ്ഥാനമായി വര്‍ഷങ്ങളായി മര്‍കസ് നടത്തിവരുന്ന വാര്‍ഷിക മീലാദ് സമ്മേളനങ്ങളില്‍ അന്താരാഷ്ട്ര പണ്ഡിതന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കാന്‍ എത്താറുണ്ടെന്നും കാന്തപുരം പറഞ്ഞു.
ലോക പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ സയ്യിദ് ഹബീബ് ഉമര്‍ യമന്‍ ഉല്‍ഘാടനം ചെയ്തു. മലേഷ്യയിലെ പ്രശസ്ത സൂഫി പണ്ഡിതന്‍ ഹബീബ് അലി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. മര്‍കസ് ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഹകീം അസ്ഹരി, ശൈഖ് ഹബീബ് മഹ്ദി, ശൈഖ് ഹബീബ് സ്വാലിഹ് അല്‍ ജിഫ്രി, അബ്ദുല്ല അല്‍ ഹബ്ശി എന്നിവര്‍ നേതൃത്വം നല്‍കി.