മാനവികതയുടെ മര്‍കസ്: രാജീവ് രാമന്‍

0
927

അകലെ നിന്നു മാത്രം നോക്കികണ്ട സ്ഥാപനമാണ് എനിക്ക് മര്‍കസ്. വയനാട്ടില്‍ നിന്നും കോഴിക്കോട്ടേക്കുമുള്ള യാത്രയില്‍ കണ്ണിലുടക്കും. അടുത്തറിയാന്‍ പിന്നേയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. ഹൈസ ഹെറിറ്റേജില്‍ വെച്ച് ഒരു ഇഫ്താര്‍ വിരുന്നിനിടെ പരിചയപ്പെട്ട മര്‍കസ് പ്രതിനിധിയില്‍ നിന്നുള്ള അറിവിന്റെ അരികുപറ്റി ഒരു ദിവസം മര്‍കസ് നഗറില്‍ ബസിറങ്ങി. സാഹിത്യ രംഗത്ത് സാന്നിധ്യമായ പ്രിയ സുഹൃത്ത് സ്വീകരിച്ചു. മര്‍കസ് സ്ഥാപനങ്ങള്‍ കാണിച്ചു തന്നു. ഏറ്റവും ഇഷ്ടപ്പെട്ടതും മനസ്സില്‍ ഇടം പിടിച്ചതും മര്‍കസ് സ്ഥാപനങ്ങളിലെ അച്ചടക്കവും സംസ്‌കാരബോധവുമാണ്. ഞാന്‍ പ്രഗല്‍ഭനായ എഴുത്തുകാരനോ ആക്ടിവിസ്‌റ്റോ അല്ല, അറിയാവുന്നത് കുറിക്കട്ടെ. മതപരമായ നിഷ്ഠകള്‍ കാര്‍ക്കശ്യത്തോടെ വെച്ചുപുലര്‍ത്തുന്ന ഒരു സമൂഹത്തിന്റെ ആസ്ഥാനകേന്ദ്രം, എത്ര സ്‌നേഹോഷ്മളതയോടെയാണ് മുസ്‌ലിം അല്ലാത്ത സനാതന ഹിന്ദുധര്‍മത്തില്‍ വിശ്വസിക്കുന്ന എന്നെ സ്വീകരിച്ചത് ഇന്നും എന്റെ മനതലങ്ങളില്‍ നിറം പിടിച്ചു കിടക്കുന്നു.
മതം, മനുഷ്യനെ തേടുന്ന മാനവികതയെ പുല്‍കുന്ന/ മനുഷ്യത്വത്തെ മാനിക്കുന്ന സ്‌നേഹവിരുന്നാകുമ്പോള്‍ വംശ വര്‍ഗ ജാതി ബോധങ്ങള്‍ അന്യം നില്‍ക്കുകയും നാം മനുഷ്യരാണെന്ന ഒറ്റബോധത്തിലേക്ക് ഹൃദയം വികസിക്കുകയും ചെയ്യും. ഈയൊരു സന്ദേശമാണ് മര്‍കസ് എനിക്കു പകര്‍ന്നു തന്ന തത്വവും സത്യവും. ‘മാനവികതയെ ഉണര്‍ത്തുന്നു’ എന്ന സന്ദേശമുയര്‍ത്തി ആരാധ്യനായ കാന്തപുരം നടത്തിയ കേരള യാത്ര അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന മത തത്വങ്ങളുടെ മഹിതമായ നിദര്‍ശനമായിരുന്നു. തീര്‍ച്ചയായും മര്‍കസ് നന്മയുടെ വിജ്ഞാന ക്ഷേത്രമാണ്. യഥാര്‍ത്ഥ മതത്തിന്റെ/ഇസ്‌ലാമിന്റെ സാക്ഷ്യനികേതം.