മികച്ച അക്കാദമിക പ്രബന്ധത്തിനുള്ള പുരസ്‌കാരം മുഹമ്മദ് ശമീം നൂറാനിക്ക്

0
1402
SHARE THE NEWS

കോഴിക്കോട്: അക്കാദമിക ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാലിക്കറ്റ് ഹെറിറ്റേജ് ഫോറം ഏർപ്പെടുത്തിയ 2018-ലെ മികച്ച മൗലിക പ്രബന്ധത്തിനുള്ള പ്രൊഫ. കെ.വി കൃഷ്‌ണയ്യർ പുരസ്‌കാരം മർകസ് പൂർവ്വ വിദ്യാർത്ഥിയും ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്.ഡി ഗവേഷകനുമായ മുഹമ്മദ് ശമീം നുറാനിക്കു ലഭിച്ചു. കേരളത്തിലെ പ്രമുഖ ചരിത്രകാരനായിരുന്ന പ്രൊഫ. കൃഷ്ണയ്യരുടെ പേരിൽ നൽകുന്ന പുരസ്‌കാരം കേരളവുമായി ബന്ധപ്പെട്ടു നടത്തപ്പെടുന്ന പഠനത്തിൽ നിന്ന് മികച്ചതിനാണ് നൽകുന്നത് . ഡോ. എം.ജി.എസ് നാരായണൻ, പ്രൊഫ. കേശവന്‍ വെളുത്താട്ട് എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

മർകസ് സ്ഥാപനമായ മർകസ് ഗാർഡൻ പൂനൂരിൽ നിന്ന് ഏഴു വർഷത്തെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ന്യൂ ഡൽഹി ജെ.എൻ.യുവിൽ ചരിത്ര ഗവേഷണത്തിൽ പി.എച്ച്.ഡി ചെയ്യുകയാണ് മുഹമ്മദ് ശമീം നൂറാനി. “ഇന്ത്യൻ മഹാമുദ്രത്തിലൂടെയുള്ള വ്യാപാര ബന്ധങ്ങളും വിശ്വാസവും: മധ്യകാലത്തെ മലബാർ മുസ്‌ലിംകളെ ക്കുറിച്ചുള്ള ആലോചനകൾ” എന്ന എം.ഫിൽ തിസീസിനാണ് പുരസ്കാരം. 25000 രൂപയും പ്രശസ്‌തിപത്രവും നവംബർ മൂന്നിന് കോഴിക്കോട് കെ.പി കേശവമേനോൻ ഹാളിൽ നടക്കുന്ന പരിപാടിയിൽ സമ്മാനിക്കും. പുളിക്കൽ സ്വദേശികളായ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. മുഹമ്മദ് ശമീമിനെ മർകസ് മർകസ് വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ അഭിനന്ദിച്ചു.


SHARE THE NEWS