മീലാദ് സമ്മേളനത്തിൽ ശ്രദ്ധേയരായ പണ്ഡിതരെ ആദരിച്ചു

0
1552
മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആദരിക്കുന്നു
മർകസ് അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാരെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ആദരിക്കുന്നു

കോഴിക്കോട്: മർകസിൽ നടന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനത്തിൽ കേരളത്തിൽ സുന്നി സമൂഹത്തിനായി വിവിധ തലങ്ങളിൽ നിന്ന് അഭിമാനകരമായ സേവനം അർപ്പിച്ച മൂന്നു പണ്ഡിതരെ ആദരിച്ചു. വാളക്കുളം ബീരാൻ കുട്ടി മുസ്‌ലിയാർ, തറയിട്ടാൽ ഹസൻ സഖാഫി, മുഹമ്മദ് സഖാഫി ഈങ്ങാപ്പുഴ എന്നിവരാണ് ആദരിക്കപ്പെട്ടത്. 1933 ഇൽ മലപ്പുറം ജില്ലയിലെ വെന്നിയൂരിനടുത്ത വാളക്കുളത്ത് ജനിച്ച ബീരാൻ കുട്ടി മുസ്‌ലിയാർ ദർസ് രംഗത്ത് അഞ്ചു പതിറ്റാണ്ട് സേവനം ചെയ്‌ത പണ്ഡിതനാണ്. കൈപറ്റ ബീരാൻ കുട്ടി മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യനാണ്. 1993 മുതൽ രണ്ടു പതിറ്റാണ്ട് മർകസിൽ സേവനം ചെയ്‌തു. ആയിരക്കണക്കിന് ശിഷ്യരുണ്ട്.

അറബി ഭാഷാ വിദഗ്‌ധനും കവിയും ഗ്രന്ഥകാരനുമായ തറയിട്ടാൽ ഹസൻ സഖാഫി ഇന്ത്യയെയും അറബ് ലോകത്തെയും ബന്ധിപ്പിക്കുന്നതിൽ സ്‌തുത്യർഹമായ സേവനം ചെയത പണ്ഡിതനാണ്. 1969 -ഇൽ ജനനം. നിരവധി അറബ് പ്രധാനികളെ കേരളത്തിലേക്ക് സ്വാഗതം ചെയ്‌തു ഇദ്ദേഹം കവിതകൾ രചിച്ചിട്ടുണ്ട്. എടവണ്ണ ദാറുൽ അമാൻ ശരീഅത്ത് കോളേജിൽ പത്തുവർഷം പ്രിൻസിപ്പലായി സേവനം ചെയ്‌തു. അസ്സഖാഫ എന്ന അറബി മാഗസിന്റെ സ്ഥാപിത കാലം മുതലുള്ള എഡിറ്ററാണ്. അറബി, മലയാളം ഭാഷകളിൽ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്. സുന്നി വോയ്‌സിന്റെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

മർകസിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദപഠനം പൂർത്തിയാക്കിയ മുഹമ്മദ് സഖാഫി, മർകസിന്റെ അഫിലിയേഷൻ ഉപയോഗിച്ച് അലിഗർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.ജി നേടുകയും, പിന്നീട് ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലയായ ജെ.എൻ.യു-വിൽ നിന്ന് ‘കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വൈജ്ഞാനിക സാംസ്കാരിക അടയാളപ്പെടുത്തലുകൾ’ എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടുകയും ചെയ്‌തു. നിലവിൽ മർകസ് ഗാർഡൻ ഓഫ് കാമ്പസായ ഈങ്ങാപ്പുഴ ദാറുൽ ഹിദായ പ്രിൻസിപ്പൽ ആണ്.