മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സമീപനം മുസ്ലിം വിരുദ്ധം: കൊടിയേരി ബാലകൃഷ്ണന്‍

0
949
കോഴിക്കോട്: മുത്വലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ സമീപനം മുസ്്‌ലിംകളോട് വിവേചനങ്ങളുണ്ടോയെന്ന സന്ദേഹത്തിന് അവസരം നല്‍കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. മര്‍കസ് റൂബി ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയമനിര്‍മ്മാണത്തില്‍ സര്‍ക്കാറുകള്‍ സ്വീകരിക്കേണ്ടത് സന്തുലിത നിലപാടാണ്. ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് വിവേചനം ഉണ്ടാകുന്ന സാഹചര്യം പാടില്ല. വിവിധ സമൂഹങ്ങളിലെ സാമൂഹിക മുന്നേറ്റ ശ്രമങ്ങള്‍ക്ക് അതത് സമുദായങ്ങളിലെ നേതൃത്വം തന്നെയാണ് മുന്‍കൈ എടുക്കേണ്ടത്. 
മതന്യൂനപക്ഷ വിഭാഗത്തില്‍ മുസ്്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്‍ മര്‍കസ് നടത്തിയ ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. മര്‍കസിനും കാന്തപുരത്തിനും എന്നും ഒരു നിലപാടുണ്ട്. അത് തുറന്നുപറയാന്‍ ആരെയും പേടിക്കാത്ത ഒരാളാണ് അദ്ദേഹം. ഞങ്ങളോട് പല വിഷയങ്ങളിലും കാന്തപുരം വിയോജിപ്പ് കാണിച്ചിട്ടുണ്ട്. ഞങ്ങളുടെ നയങ്ങളോട് യോജിപ്പേയില്ലെന്ന് പലവുരു പറഞ്ഞിട്ടുള്ള ആളാണ്. ഞങ്ങള്‍ അത് സഹിഷ്ണുതയോടെയാണ് കണ്ടിട്ടുള്ളത്. തിരിച്ച് അദ്ദേഹം ഞങ്ങളോട് പെരുമാറിയതും അങ്ങനെത്തന്നെയാണ്. സ്വന്തമായി നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരില്‍ ആരെയും ഞങ്ങള്‍ ബഹിഷ്‌കരിച്ചിട്ടില്ല. നിലപാടുകളെ സഹിഷ്ണുതയോടെ കാണാന്‍ എല്ലാവരും ശീലിക്കണം. മറിച്ച്, ബഹിഷ്‌കരണം കേരളത്തിന്റെ സംസ്‌കാരത്തിനും പൈതൃകത്തിനും യോജിച്ചതല്ല. ആരൊക്കെ ബഹിഷ്‌കരിച്ചാലും കാന്തപുരത്തെയോ മര്‍കസിനെയോ തടയാന്‍ കേരളത്തില്‍ ആര്‍ക്കുമാകില്ലെന്നും കൊടിയേരി പറഞ്ഞു. 
മുതിര്‍ന്ന ചരിത്രകാരന്‍ ഡോ. എം ജി എസ് നാരായണന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. എല്ലാ കാലത്തും സംസ്‌കാരങ്ങള്‍ക്കെതിരില്‍ വെല്ലുവിളികളും പരീക്ഷണങ്ങളും പ്രതിസന്ധികളുമുണ്ടാകും. ഓരോ തലമുറയും തങ്ങളുടെ ബഹുസ്വരവും സമാധാനപൂര്‍ണ്ണവുമായ സാംസ്‌കാരിക മൂല്യങ്ങളെ നിരന്തരം ഓര്‍മിച്ചുകൊണ്ടാണ് അവയെ മറികടക്കേണ്ടത്. നാലുപതിറ്റാണ്ട് കൊണ്ട് മര്‍കസ് നമ്മുടെ സംസ്‌കാരത്തില്‍ ആഴത്തില്‍ വേരുപിടിച്ചിട്ടുള്ള പ്രസ്ഥാനമാണ്. മതനിരപേക്ഷവും ബഹുസ്വരവും ജനാധിപത്യപരവുമായ ഇടങ്ങളില്‍ ഇത്തരം പ്രസ്ഥാനങ്ങളാണ് സാംസ്‌കാരികരംഗം സമ്പന്നമാക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വണ്ടൂര്‍ അബ്ദുറഹ്്മാന്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ഫുജൈറ സോഷ്യല്‍ കള്‍ചറല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ശൈഖ് ഖാലിദ് അബ്ദുള്ള സാലിം അഹ്്മദ് ളന്‍ഹാനി മുഖ്യാതിഥിയായിരുന്നു. എ എം ആരിഫ് എം എല്‍ എ, കൈതപ്രം ദാമോദരന്‍ നമ്പൂതിരിപ്പാട്, പി സുരേന്ദ്രന്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, കാസിം ഇരിക്കൂര്‍, എന്‍ അലി അബ്ദുല്ല, സി പി സൈദലവി മാസ്റ്റര്‍, മുഹമ്മദ് പറവൂര്‍, എസ് ശറഫുദ്ധീന്‍, അബ്ദുല്‍ കലാം മാവൂര്‍, മജീദ് അരിയല്ലൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ഉച്ചക്ക് നടന്ന പ്രവാസി സംഗമം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. വി പി എം ഫൈസി വില്ല്യാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. പി വി അന്‍വര്‍ എം എല്‍ എ, വി അബ്ദുറഹ്്മാന്‍ എം എല്‍ എ തുടങ്ങിയവര്‍ പ്രസംഗിച്ചു. രാത്രി നടന്ന ആദര്‍ശ സമ്മേളനം പേരോട് അബ്ദുറഹ്്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കെ പി മുഹമ്മദ് മുസ്്‌ലിയാര്‍ കൊമ്പം, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അലവി സഖാഫി കൊളത്തൂര്‍, റഹ്്മത്തുല്ല സഖാഫി എളമരം, ശാഫി സഖാഫി മുണ്ടമ്പ്ര തുടങ്ങിയവര്‍ വിഷയാവതരണം നടത്തി. വേദി രണ്ടില്‍ രാത്രി ഏഴ് മണിക്ക് നാഷണല്‍ മീറ്റ് നടന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. 
ഇന്ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മനുഷ്യാവകാശ സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് സൗഹാര്‍ദ സമ്മേളനം മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. ശേഷം ദേശീയ-അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന ശൈഖ് സായിദ് ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ് സുപ്രീം കോടതി ജസ്റ്റിസ് രാകേഷ് കുമാര്‍ അഗര്‍വാള്‍ ഉദ്ഘാടനം ചെയ്യും. നാളെ(ഞായര്‍) നടക്കുന്ന സമാപനമഹാ സമ്മേളനത്തോടെ റൂബി ജൂബിലിക്ക് തിരശ്ശീല വീഴും.