മുസ്‌ലിം ധൈഷണികരുടെ അന്താരാഷ്ട്ര സമ്മേളനത്തില്‍ കാന്തപുരം ഇന്ത്യന്‍ പ്രതിനിധി

0
1581
ജോര്‍ദാനിലെ ദി റോയല്‍ ആലുല്‍ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ത്രിദിന അന്തരാഷ്ട്ര ധൈഷണിക സമ്മേളനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍
SHARE THE NEWS

അമ്മാന്‍: ലോകത്തെ പ്രധാന മുസ്ലിം ഭൗതിക കൂട്ടായ്മയായ ദി റോയല്‍ ആലുല്‍ബൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ത്രിദിന അന്തരാഷ്ട്ര ധൈഷണിക സമ്മേളനത്തിന് ജോര്‍ദാനിലെ അമ്മാനില്‍ ഊഷ്മള തുടക്കം. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്റെ മുഖ്യോപദേഷ്ടാവ് പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ലോകത്തെ ശാസ്ത്രീയവും സാംസ്‌കാരികവുമായ വികാസത്തില്‍ ഏറ്റവുമധികം സംഭാവന നല്‍കിയവരാണ് മുസ്ലിം പണ്ഡിതന്മാരെന്നും ഗവേഷണത്തിനും പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും ഇസ്ലാം വലിയ പ്രോത്സാഹനം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദ്യഭ്യാസ രംഗത്തും ഇസ്ലാമിന്റെ യഥാര്‍ത്ഥ സത്ത വിശ്വാസികളെ പഠിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ മൂലധനം ചെലവഴിക്കാന്‍ മുസ്ലിം ഭരണാധികാരികള്‍ക്കും നയരൂപീകരണ വിദഗ്ധര്‍ക്കും സാധിക്കണം. ബഹുസ്വര ലോകത്ത് ഏറ്റവും സുന്ദരമായി എല്ലാവര്‍ക്കും ഗുണം ചെയ്ത് ജീവിക്കുന്ന നന്മനിറഞ്ഞ മനസ്സിന്റെ ഉടമകളാവണം മുസ്ലിംകള്‍: അദ്ദേഹം പറഞ്ഞു.

സമ്മേളനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാവായി സംബന്ധിക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുമായി പ്രിന്‍സ് ഗാസി ബിന്‍ മുഹമ്മദിന്റെ കൂടിക്കാഴ്ചയും നടന്നു. ഇന്ത്യയിലെ മുസ്ലിംകളുടെ ജീവിതവും സമീപന രീതികളും, ചരിത്രപരമായി നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ധവും മാതൃകാപരമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുക്കപ്പെട്ട കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് തന്റെ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തന മേഖലകള്‍ കൂടുതല്‍ വിശാലമാക്കന്‍ ഈ പദവി കരണമാവട്ടെ എന്നദ്ദേഹം ആശീര്‍വദിച്ചു. അമേരിക്കയിലെ പ്രശസ്ത മുസ്ലിം തത്വചിന്തകന്‍ ശൈഖ് ഹംസ യൂസുഫുമായും കാന്തപുരം കൂടിക്കാഴ്ച നടത്തി.

സമുദായത്തിന്റെ വൈജ്ഞാനിക, സാമൂഹിക വികസനം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ സമ്മേളനത്തില്‍ നടന്നു. ഓരോരുത്തരും പ്രതിനിധാനം ചെയ്യുന്ന രാജ്യങ്ങളിലെ സവിശേഷമായ ചരിത്ര-സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ക്രിയാത്മകമായി എങ്ങനെയാണ് മുസ്ലിംകളുടെ മതപരവും സാംസ്‌കാരിക മുന്നേറ്റവും സാധ്യമാക്കിയത് എന്ന് പ്രതിനിധികള്‍ വിശദീകരിച്ചു. ഭീകരതയെയും വിഘടനവാദത്തെയും അനുകൂലിക്കുന്ന ഒറ്റപ്പെട്ട അപശബ്ദങ്ങള്‍ക്ക് കാരണം മതത്തിന്റെ സത്ത മനസ്സിലാക്കാത്തവരാണ് എന്ന പൊതു അഭിപ്രായം ഉയര്‍ന്നു.

യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലിയ്യുല്‍ ഹാശിമി, മുന്‍ ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൈഖ് അലി ജുമുഅ, യമനി പണ്ഡിതനായ ശൈഖ് ഹബീബ് ബിന്‍ ഉമര്‍ ഹഫീസ്, വേള്‍ഡ് മുസ്ലിം കമ്മ്യൂണിറ്റി കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് ബശരി, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി പ്രഫസര്‍ ഡോ. ഇസ്മാഈല്‍ ഫജ്രി, ബോസ്നിയന്‍ ഗ്രാന്‍ഡ് മുഫ്തി ഡോ. മുസ്തഫ സെറിക്, ഡോ. അബ്ദുല്ല മുഹമ്മദ് ഹസന്‍ മക്ക തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്ന പ്രധാനികളാണ്.


SHARE THE NEWS