മുഹറത്തിന്റെ പരിശുദ്ധിയില്‍ പ്രവാചക കുടുംബത്തിന് ആദരം; മര്‍കസ് സംസ്ഥാനതല സാദാത് സംഗമം പ്രൗഢമായി

0
1146
മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന സാദാത് സംഗമത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബത്തില്‍ വിവിധ പരമ്പരകളിലായി കേരളത്തില്‍ ജീവിക്കുന്ന സയ്യിദന്മാര്‍ക്കായി മര്‍കസ് സംഘടിപ്പിച്ച സാദാത് സംഗമം പ്രൗഢമായി. മുഹറം 9ന് മര്‍കസ് നോളജ് സിറ്റിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വിവിധ ജില്ലകളില്‍ മതകീയവും സാമൂഹികവുമായ നേതൃത്വം കൈകാര്യം ചെയ്യുന്ന ആയിരത്തിലധികം സയ്യിദന്മാര്‍ സംബന്ധിച്ചു.

മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ മതസൗഹാര്‍ദ്ധം ശക്തിപ്പെടുത്തുകയും ഓരോ പ്രദേശങ്ങളെയും അഭിവൃദ്ധിപ്പെടുത്തുന്ന തരത്തില്‍ വിദ്യാഭ്യസപരവും സാമൂഹികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന സയ്യിദന്മാരുടെ ആധിക്യം മലയാളികള്‍ക്ക് ലഭിച്ച അനുഗ്രഹമാണ് എന്ന് അദ്ദേഹം പറഞ്ഞു. സദാ സമാധാനത്തിന്റെ ഭാഷയില്‍ സംസാരിക്കുകയും ഇടപെടാകുകയും ചെയ്യുന്ന സാദാത്തീങ്ങള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുടുംബ താവഴിയെ സംരക്ഷിക്കുന്നതോടൊപ്പം ഏറ്റവും മനോഹരമായി നബി പഠിപ്പിച്ച ജീവിതത്തെ സാമൂഹിക തലത്തിലേക്ക് വിനിമയവും ചെയ്യുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി പ്രാര്‍ത്ഥന നിര്‍വഹിച്ചു. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി മലേഷ്യ അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. മര്‍കസ് ജനറല്‍ മാനേജര്‍ സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി വിഷയാവതരണം നടത്തി. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപ്പറമ്പ്, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി തുടങ്ങി നിരവധി പ്രമുഖ സയ്യിദന്മാര്‍ സംബന്ധിച്ചു. സയ്യിദന്മാര്‍ക്കള്ള മര്‍കസിന്റെ ഉപഹാരം കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ കൈമാറി.