
മുംബൈ: ഇസ്ലാമിക ചരിത്രത്തിലെ ത്യാഗത്തിന്റെ ഏടുകളാണ് മുഹർറം പങ്കുവെക്കുന്നതെന്ന് ഇസ്ലാമിക് എജ്യൂക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മുംബൈ മർകസും ഐ.ഇ.ബി.ഐ മുംബൈ ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച മുഹർറം അനുസ്മരണ സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിഷമങ്ങളിലും പ്രയാസങ്ങളിലും ക്ഷമിക്കാൻ മുഹർറം ഉദ്ബോധിപ്പിക്കുന്നു. അട്ടഹാസങ്ങളും ആർപ്പുവിളികളും പരിഹാരവഴികളല്ല.
മുഹർറത്തിന്റെ പേരിലുള്ള അനാചാരങ്ങളിൽ നിന്ന് രാജ്യത്തെ ജനങ്ങൾ വിട്ടുനിൽക്കണം. മുഹർറത്തിലെ വൃതാനുഷ്ടാനത്തിന് വലിയ പുണ്യമുണ്ടെന്നാണ് പ്രവാചകർ പഠിപ്പിച്ചത്.
പ്രകൃതിക്ഷോഭമുൾപ്പെടെയുള്ള പ്രയാസങ്ങൾ കാരണം കഷ്ടപ്പെടുന്നവർക്കും ദുരിതമനുഭവിക്കുന്നവർക്കും സഹായങ്ങളെത്തിക്കാൻ ഈ പുതുവർഷാരംഭത്തിൽ നാം പ്രതിജ്ഞ പുതുക്കണം.
മത – ഭൗതിക – സാങ്കേതിക വിദ്യാഭ്യാസ മുന്നേറ്റങ്ങളിലൂടെ മാത്രമേ രാജ്യത്ത് പുരോഗതിയുണ്ടാവുകയുള്ളൂ. രാഷ്ട്രത്തിന്റെ പുതിയ തലമുറകളെ വിജ്ഞാനം കൊണ്ട് ശാക്തീകരിച്ച് ലോക രാജ്യങ്ങളുടെ മുൻ നിരയിൽ എത്തിക്കണം. ഈ
ലക്ഷ്യത്തിലധിഷ്ഠിതമായാണ് രാജ്യത്ത് മദ്രസകൾ പ്രവർത്തിക്കുന്നത്. സമാധാനവും ശാന്തിയുമാണ് അതിന്റെ പാഠ്യ പദ്ധതിയിലും കർമപദ്ധതിയിലുമുള്ളത്കാ:ന്തപുരം കുട്ടിച്ചേർത്തു.
മുംബൈ സിറ്റി ഇമാം മുഫ്തി ഇസ്മായിൽ അംജദി അധ്യക്ഷത വഹിച്ചു.
മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ: അബ്ദുൽ സലാം, എജ്യുക്കേഷണൽ ബോർഡ് മെമ്പർ അമീൻ മുഹമ്മദ് ഹസൻ അസ്സഖാഫി, ടാലന്റ് മാർക്ക് ഡയറക്ടർ ഹബീബ് കോയ കാർവാർ, മജീദ് ഹാജി മുംബൈ തുടങ്ങിയവർ പങ്കെടുത്തു ഐ.ഇ.ബി.ഐ മുംബൈ സോൺ കൺവീനർ മുഫീദ് സഅദി ലക്നോ സ്വാഗതവും മർകസ് മുംബൈ മാനേജർ അബ്ദുല്ല സഖാഫി നന്ദിയും പറഞ്ഞു.