മൊറോക്കൻ അംബാസിഡറുമായി കാന്തപുരം കൂടിക്കാഴ്ച നടത്തി

0
2287
ന്യൂഡല്‍ഹിയിലെ മൊറോക്കന്‍ എംബസിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മൊറോക്കന്‍ അംബാസിഡര്‍ മുഹമ്മദ് മാലികിയും കൂടിക്കാഴ്ച നടത്തുന്നു.
ന്യൂഡല്‍ഹിയിലെ മൊറോക്കന്‍ എംബസിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരും മൊറോക്കന്‍ അംബാസിഡര്‍ മുഹമ്മദ് മാലികിയും കൂടിക്കാഴ്ച നടത്തുന്നു.
ന്യൂഡൽഹി: ഇന്ത്യയിലെ മൊറോക്കൻ അംബാസിഡർ മുഹമ്മദ് മാലികിയുമായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി. ന്യൂഡൽഹിയിൽ മൊറോക്കൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള  സാംസ്കാരിക വിദ്യാഭ്യാസ വിനിമയത്തെ കുറിച്ചും സൂഫി പാരമ്പര്യത്തിൽ അധിഷ്‌ഠിതമായ ഇസ്‌ലാമിക സംസ്‌കൃതിയെ കുറിച്ചും  ചർച്ചകൾ നടന്നു.
 ഭൂമിശാസ്ത്രപരമായി സ്പെയിനിനോട് ചേർന്ന് കിടക്കുന്ന മൊറോക്കോ ചരിത്രപരമായി ഇസ്‌ലാമിനും അതിന്റെ വൈജ്ഞാനിക ചരിത്രത്തിനും കനപ്പെട്ട സംഭാവനകൾ നൽകിയ രാഷ്‌ട്രമാണെന്നു കാന്തപുരം പറഞ്ഞു. മൊറോക്കോയിലെ ഫെസിൽ നിലനിൽക്കുന്ന അൽ ഖറവിയ്യീൻ  ലോകത്തിലെ ആദ്യത്തെ യൂണിവേഴ്‌സിറ്റിയാണ്.  മൊറോക്കോ രാജാവ് റമസാനിൽ നടത്തുന്ന മുസ്‌ലിം പണ്ഡിതൻമാരുടെ സമ്മേളനത്തെ കുറിച്ചും താനതിൽ പങ്കെടുത്തപ്പോൾ അനുഭവിച്ച വൈവിധ്യകരമായ ഇസ്‌ലാമിക സംസ്‌കൃതിയുടെ ആഘോഷത്തെ കുറിച്ചും കാന്തപുരം അനുസ്‌മരിച്ചു .  മൊറോക്കോയിലെ ഇസ്‌ലാമിക അക്കാദമിക യൂണിവേഴ്‌സിറ്റികൾ സന്ദർശിക്കാനും ഇരു രാഷ്‌ട്രങ്ങളും തമ്മിലുള്ള ബന്ധം സജീവമാക്കാനും ഇസ്‌ലാമിക സംസ്കാരത്തിന്റെ വിനിമയം സാധ്യമാക്കാനും കഴിയാവുന്നത് നിർവ്വഹിക്കാൻ അംബാസിഡർ മുഹമ്മദ് മാലികി കാന്തപുരത്തോടു ആവശ്യപ്പെട്ടു. ജാമിഅ മർകസ് കാണാൻ അതിയായ ആഗ്രഹമുണ്ടെന്നും സമീപഭാവിയിൽ തന്നെ അതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇൻഡോ അറബ് മിഷൻ സെക്രട്ടറി അമീൻ മുഹമ്മദ് സഖാഫി കാന്തപുരത്തെ അനുഗമിച്ചു.