മർകസിന്റെ കാരുണ്യവീട്ടിൽ പ്രതീക്ഷകളുമായി ഫാത്തിമ റഫ

0
984
പ്രളയ ബാധിതർക്ക് മർകസ് കുറ്റിക്കാട്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന് മർകസ് അധികൃതർ കൈമാറുന്നു
പ്രളയ ബാധിതർക്ക് മർകസ് കുറ്റിക്കാട്ടൂരിൽ നിർമിച്ച വീടിന്റെ താക്കോൽ കുടുംബത്തിന് മർകസ് അധികൃതർ കൈമാറുന്നു

കുറ്റിക്കാട്ടൂർ: നൂറ്റാണ്ടിന്റെ മഹാപ്രളയത്തിൽ പൂർണ്ണമായും തകർന്ന വീട്ടിൽ നിന്ന് സ്‌കൂളിൽ എത്തുമ്പോൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ ഫാത്തിമ റിയയും സഹോദരി ഫാത്തിമ റഫയും എങ്ങോട്ട് പോകുമെന്ന വേവലാതിയിലായിരുന്നു. കൂട്ടുകാരികളോട് വിവരം പറഞ്ഞു. അവർ അധ്യാപകരോടും. മർകസ് ഗേൾസ് സ്‌കൂളിൽ പഠിക്കുന്ന കുട്ടികളുടെ അവരുടെ ഉപ്പ പെരുമണ്ണ പുതിയൊട്ടുപറമ്പത്ത് റഫീഖും ഭാര്യ സമീറയും പ്രായമായ മാതാപിതാക്കളും അടങ്ങുന്ന കുടുംബം ബന്ധുവീടുകളിൽ ആയിരുന്നു താൽക്കാലിക താമസം. പൂർണ്ണമായും തകർന്ന വീടിനു പകരം പുതിയ വീട് നൽകാൻ മർകസ് അധികൃതർ മുൻകൈയെടുത്തു. വിവിധ വ്യക്തികളും സംഘടനകളും പ്രളയ ദുരിതാശ്വാസത്തിനു നൽകിയ സംഭാവനകളിൽ നിന്ന് അർഹരായ 26 കുടുംബങ്ങൾക്ക് വീടുകൾ നിർമിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. റഫീഖിനും കുടുംബത്തിനും കുറ്റിക്കാട്ടൂരിൽ തയ്യാറാക്കിയ വീട് ലളിതമായ ചടങ്ങിൽ കഴിഞ്ഞ ദിവസം താമസമാരംഭിച്ചു. ഫാത്തിമ റിയയും റിഫയും ഇപ്പോൾ പുതിയ വീട്ടിൽ നിന്നാണ് സ്‌കൂളിൽ എത്തുന്നത്. തങ്ങൾക്കു വേണ്ടി കാരുണ്യഹസ്തം നീട്ടിയവർക്കായി മനമുരുകി പ്രാർത്ഥിക്കുമെന്നു കുട്ടികളും അവരുടെ മാതാപിതാക്കളും പറയുന്നു. കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ ഉരുൾപൊട്ടൽ മൂലം വീട് നഷ്ടപ്പെട്ടവർക്കായി മർകസ് നിർമിക്കുന്ന വീടിന്റെ ഉദ്‌ഘാടനം ഉടൻ നടക്കാനിരിക്കുന്നു. ഇന്ത്യയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിലീഫ് ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പദ്ധതികൾ പൂർത്തിയാക്കുന്നതെന്നു മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു.