മർകസ് അക്കാദമിക ഉദ്‌ഘാടനം പ്രൗഢമായി: 22 സംസ്ഥാനങ്ങളിൽ നിന്നായി ആയിരത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു

0
2717
മർകസ് അക്കാദമിക ഉദ്‌ഘാടന ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
മർകസ് അക്കാദമിക ഉദ്‌ഘാടന ചടങ്ങിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു
കോഴിക്കോട്:  രാജ്യത്തെ ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് മതമീമാംസയിൽ ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് പ്രവേശനം നൽകി മർകസിൽ നടത്തിയ ഈ വർഷത്തെ അക്കാദമിക ഉദ്‌ഘാടനം പ്രൗഢമായി. അറബി, ഉറുദു ഭാഷകളിൽ പ്രവർത്തിക്കുന്ന നാല് ഡിപ്പാർട്ടുമെന്റുകളിലെ ഏഴു കോഴ്‌സുകളിലേക്കാണ് വിദ്യാർഥികൾ പഠിക്കാനെത്തുന്നത്. രാജ്യാന്തര ഇസ്‌ലാമിക യൂണിവേഴ്‌സിറ്റികളുടെ മാതൃകയിലാണ് മത മീമാംസയിൽ മർകസ് അക്കാദമിക സംവിധാനം.
           ലോകപ്രശസ്‌ത ഇസ്‌ലാമിക പഠനകൃതിയായ ബുഖാരി ഹദീസ് ഗ്രന്ഥം പാരായണം ചെയ്തുനൽക്കി മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചടങ്ങിന്  നേതൃത്വം നൽകി. പതിനഞ്ചു നൂറ്റാണ്ടിന്റെ പാരമ്പര്യവും ചരിത്രവും ഉള്ള ഇസ്‌ലാമിക വിജ്ഞാനം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിജ്ഞാന ശാഖകളിൽ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മിക്ക സെക്കുലർ യൂണിവേഴ്സിറ്റികളിലും ഇസ്‌ലാമിക പഠനത്തിന് പ്രത്യേക ഡിപ്പാർട്ടുമെന്റുകൾ ഉണ്ട്. പത്തു മുഖ്യ രാജ്യാന്തര യൂണിവേഴ്സിറ്റികളുമായി ഇസ്‌ലാമിക ശാസ്ത്രത്തിൽ ഉന്നത പഠനവും, അക്കാദമിക കൈമാറ്റവും സാധ്യമാക്കുന്ന തലത്തിൽ മർകസിന് സഹകരണമുണ്ട്. മതത്തിന്റെ യഥാർത്ഥ  മൂല്യങ്ങൾ  തനിമയോടെ പുതിയ തലമുറയിലേക്ക് വിനിമയം ചെയ്യുകയാണ് മർകസ് ഇസ്‌ലാമിക പഠന വകുപ്പുകളുടെ ലക്ഷ്യം: അദ്ദേഹം പറഞ്ഞു. 
         മർകസ് ശരീഅ സിറ്റി ഡീൻ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്‌തു. ആധുനിക ലോകത്തെ സങ്കീർണ്ണമായ എല്ലാ പ്രശ്നങ്ങൾക്കും ഇസ്‌ലാമിക വിജ്ഞാന ശാസ്ത്രത്തിൽ പരിഹാരങ്ങൾ നിർദേശിക്കുന്നുണ്ട്. മതഗ്രന്ഥങ്ങൾ ആഴത്തിൽ പഠിക്കാനാണ് വിദ്യാർഥികൾ സമയം കണ്ടെത്തേണ്ടത്. എത്രമാത്രം അഗാധമായി പഠനം കാലം വിജ്ഞാന സമ്പദാനത്തിനായി ചെലവഴിക്കുന്നുവോ, അതിനനുസരിച്ചിരിക്കും ഒരാളുടെ ആത്മീയവും വൈജ്ഞാനികവുമായി വളർച്ച: അദ്ദേഹം പറഞ്ഞു.
 ഇന്തോനേഷ്യയിലെ പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനുമായ ഡോ. സിറാജുദ്ധീൻ  ചടങ്ങിൽ മുഖ്യാതിഥിയായി.   കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മർകസ് ജനറൽ മാനേജർ സി. മുഹമ്മദ് ഫൈസി, മർകസ് വൈസ് ചാൻസലർ ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, മർകസ് ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി എന്നിവർ പ്രഭാഷണം നടത്തി. കെ.കെ അഹ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപ്പള്ളി, മുഖ്‌താർ  ഹസ്‌റത്ത്, പി. സി അബ്ദുല്ല ഫൈസി , അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, കെ.കെ മുഹമ്മദ് മുസ്‌ലിയാർ കരുവമ്പൊയിൽ, കെ.എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, മുഹിയുദ്ധീൻ സഅദി കൊട്ടൂക്കര, ബശീർ സഖാഫി കൈപ്പുറം, മൂസ സഖാഫി പാതിരമണ്ണ  സംബന്ധിച്ചു. കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും അബ്ദുല്ലത്തീഫ് സഖാഫി നന്ദിയും പറഞ്ഞു.