മർകസ് അഡ്നോക്ക് അനുഗ്രഹവീട് സമർപ്പണം ആറിന്

0
1036
കുന്ദമംഗലം: ചെറുപ്രായത്തിൽ അനാഥരായ ഫിദ ഫാത്തിമക്കും സഹോദരൻ മുഹമ്മദ് ഫാരിസിനും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം.  മർകസ് തൊഴിൽ ദാന പദ്ധതിക്ക് കീഴിൽ യു എ ഇ യിലെ ഏറ്റവും പ്രബലമായ പെട്രോളിയം കമ്പനി അഡ്നോകിൽ ജോലി ചെയ്യുന്ന വരുടെ കൂട്ടയ്മയായ മർകസ് അഡ്നോക് കോർഡിനേഷൻ കമ്മറ്റി (മാക്) ഇരുപതാം വാർഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച  ഭവന പദ്ധതിയാണ് ഈ അനാഥ കുടുംബത്തിന് തുണയായത്. കേരളത്തിലെ വ്യത്യസ്ത ജില്ലകളിൽ നിന്നായി ഇരുപത് പേർക്കാണ് പദ്ധതിയുടെ ഭാഗമായി വീടൊരുങ്ങുന്നത്. “സകനു നിഹ്മ ” എന്ന പേരിലുള്ള  ഭവന പദ്ധതിയിലെ ഒന്നാം ഘട്ടത്തിൽ നിർമ്മാണം പൂർത്തികരിച്ച അഞ്ച്  വീടുകളുടെ താക്കോൽ ദാനം മർക്കസ് റൂബി ജൂബിലി സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ഈ മാസം ആറിന് നടക്കും. മർകസ് കൺവെൻഷൻ സെന്ററിൽ വൈകുന്നേരം നാലിന് നടക്കുന്ന സൗഹാർദ്ദ സമ്മേളനത്തിൽ മത, സാമൂഹ്യ ,സാംസ്കാരിക, ഭരണ രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ വീടിന്റെ താക്കോൽ കുടുംബാംഗങ്ങൾക്ക് കൈമാറും.  അഡ്നോക്കിൽ ജോലി ചെയ്യവെ മരണപെട്ട പേരാമ്പ്രയിലെ റാഷിദിന്റെ  നിരാലംബരായ മാതാ പിതാക്കൾക്കുള്ള ഭവനം പേരാമ്പ്രയിലും, ഇരുപത്തഞ്ച് വർഷത്തിലധികം മർകസ് കാൻറീനിൽ ജോലി ചെയ്യുന്ന അബ്ദുൽ കരീമിനുള്ള  വീട് അരീക്കോട്  ഊർങ്ങാട്ടിരിയിലും വിധവയും, രണ്ട്  പെൺകുട്ടികളുടെ മാതാവുമായ തട്ടാർകാടൻ ലൈല ക്കുള്ള വീട്  വയനാട് ബത്തേരിയിലും
വിധവയായ ഹാജറക്ക് വയനാട് ബാണാസുരയിലും , വളരെ ചെറുപ്പത്തിൽ  തന്നെ  അനാഥകളായ കിനാലൂരിലെ പന്ത്രണ്ട് കാരി ഫിദ ഫാത്തിമക്കും, സഹോദരനായ പത്ത് വയസുകാരൻ മുഹമ്മദ്  ഫാരിസും വിധവയായ മാതാവും അടങ്ങുന്ന കുടുംബത്തിന് വേണ്ടിയുള്ള വീട് കിനാലൂർ കന്നാടിപൊയിലിലുമാണ് നിർമ്മിച്ചത്. നാല് സെന്റിൽ ഏകദേശം ഏഴ് ലക്ഷത്തിലേറെ രൂപ ചിലവഴിച്ചാണ് വീടുകൾ നിർമ്മിച്ചത്.1996 മുതൽ മർകസ് മുഖേനെ അഡ്നോക്കിൽ ഇതേവരെയായി അയ്യായിരത്തോളം  ഉദ്യോഗാർത്ഥികൾ ജോലി ചെയ്യുന്നുണ്ട്. അബുദാബി, ഷാർജ, അൽ ഹൈൻ, വെസ്റ്റേൺ റിജിയൺ, അജ്മാൻ, ഫുജൈറ, റാസൽഖൈമ, തുടങ്ങിയ വിവിധ ഭാഗങ്ങളിലെ മെയിൻ ഓഫീസുകളിലും, പെട്രോൾ  സ്റ്റേഷനിലുമായി പാവപ്പെട്ട കുടുംബങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. സി ഇ ഒ ഓഫീസുകളിൽ പ്രമുഖ സ്ഥാനങ്ങളിൽ വരെ ജോലി ചെയ്യുന്നവരും ഈ കൂട്ടത്തിലുണ്ട്.പലരുടെയും  സേവനങ്ങൾ കമ്പനി അധികൃതരുടെയും, വിദേശികളുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്  .22 വർഷമായി   ജോലിയിൽ പ്രവർത്തിച്ചു വരുന്നവരുടെ.കൂട്ടായ്മയായ മാകിന്റെ നേത്യത്വത്തിൽ ഇൻഡോ അറബ് ബന്ധങ്ങൾ പരിപോഷിപ്പിക്കുന്നതിന് ഏറെ പരിശ്രമിച്ച മർക്കസ് ജനറൽ  സെക്രട്ടറി  കാന്തപുരത്തിന് ഇൻഡോ അറബ് അവാർഡായി പത്ത് ലക്ഷം നൽകിയിരുന്നു. മാറാവ്യാധികൾ ബാധിച്ച്  ജോലി ഉപേക്ഷിച്ച് ഇടക്ക്  നാട്ടിലേക്ക് തിരിച്ച് പോ രാൻ നിർബന്ധിതരായ പ്രവാസി സുഹൃത്തുക്കൾക്ക് വിവിധ ഘട്ടത്തിൽ സംഘടന സഹായങ്ങൾ നൽകിയിട്ടുണ്ട്.നിരവധി നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വിവാഹ സഹായം, രോഗികൾക്ക് ചികിൽസാ സഹായം, ഉന്നത വിദ്യാഭ്യാസത്തിനുള്ള സഹായവും കമ്മറ്റി നൽകുന്നുണ്ട് .ഹാരിസ് മാസ്റ്റർ കോഴിക്കോട്, ( പ്രസിഡണ്ട്) പി.കെ മുഹമ്മദ് മാസ്റ്റർ കുന്ദമംഗലം (ജനറൽ സിക്രട്ടറി) നജ്മുദ്ധീൻ സഖാഫി വർക്കല (ഫിനാൻസ് സിക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയാണ്  പ്രവർത്തനങ്ങൾ നടത്തുന്നത്.