മർകസ് അധ്യാപക സംഗമത്തിന് പ്രൗഡപരിസമാപ്തി

0
786
കുന്നമംഗലം:  മർകസ് റൂബി ജൂബിലിയുടെ ഭാഗമായി മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂളിന് കീഴിൽ സംഘടിപ്പിച്ച അധ്യാപക സംഗമത്തിന് പ്രൗഢമായ പരിസമാപ്‌തി. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന മർകസ് പബ്ലിക് സ്‌കൂളുകളിലെ അഞ്ഞൂറ് അധ്യാപകർ സംഗമത്തിൽ പങ്കെടുത്തു. മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ സംഗമം ഉദ്‌ഘാടനം ചെയ്‌തു.
          അധ്യാപനത്തിന്റെ നൈതികതയും മൂല്യങ്ങളും സൂക്ഷിച്ചു വളർന്നു വരുന്ന തലമുറകളുടെ അക്കാദമികവും  സർഗാത്മകവുമായ വികാസത്തിന് വേണ്ടി ഊർജസ്വലരായി പരിശ്രമിക്കുന്നവരാകണം അധ്യാപകർ എന്ന് അദ്ദേഹം പറഞ്ഞു. ടെക്നോളജിയുടെ കാലത്തു അധ്യാപകരുടെ സാധ്യത വർധിക്കുകയാണ്. ടെക്നോളജിയുടെ  പ്രയോജനകരമായ വശങ്ങൾ ഉപയോഗപ്പെടുത്തി വിദ്യാർത്ഥികൾക്ക് ഏറ്റവും മികച്ച അറിവുകൾ നൽകാൻ അധ്യാപകർക്ക് കഴിയണം. എന്നാൽ ഇന്റർനെറ്റ് പോലുള്ള മാധ്യമങ്ങളിൽ അനിവാര്യമല്ലാത്ത കാര്യങ്ങൾക്ക് വേണ്ടി സമയം ചെലവഴിക്കുന്ന വിദ്യാർത്ഥികളെ യഥാർത്ഥ പഠനത്തിന്റെ മാർഗങ്ങളെ കുറിച്ച് അധ്യാപകർ ബോധവത്കരിക്കുകയും വേണം. സ്നേഹം കൊണ്ടാണ് വിദ്യാർത്ഥികളുടെ ഹൃദയം കീഴടക്കാൻ സാധിക്കുക.പഠിതാക്കളുടെ ഹൃദയത്തിൽ ഉന്നതമായ ഇടം നേടിയെടുത്ത് , ധാർമികമായ മികവോടെയും വൈജ്ഞാനികമായ സ്വപ്നങ്ങൾ നൽകിയും അവരെ വളർത്താൻ അധ്യാപകർക്ക് സാധിക്കണം. മർകസ് രൂപപ്പെടുത്തുന്നത്  അധ്യാപകരും വിദ്യാർത്ഥികളും സ്നേഹോഷ്മളമായ ബന്ധം നിലനിറുത്തുന്ന കലാലയങ്ങൾ ആണ്: കാന്തപുരം പറഞ്ഞു. 
               മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മർകസ് അസിസ്റ്റന്റ് ജനറൽ മാനേജർ ഉനൈസ് മുഹമ്മദ്, പ്രിൻസിപ്പൽ കൗൺസിൽ ചെയർമാൻ കെഎം അബ്ദുൽ ഖാദർ, മുഹമ്മദ് ഹനീഫ് അസ്ഹരി, റംസി മുഹമ്മദ്, മഹ്മൂദ് ചെലവൂര്‍ എന്നിവർ സംബന്ധിച്ചു.