മർകസ് കാമ്പസുകൾ അന്താരാഷ്ട്ര തലത്തിൽ സജീവമാകുന്നു; ചെച്നിയയിലെ ഓഫ് കാമ്പസ് സെപ്‌തംബറിൽ പ്രവർത്തനമാരംഭിക്കും

0
1639
ചെച്നിയയിൽ മർകസ് ഓഫ് കാമ്പസ് ആരംഭിക്കുന്നതിനുള്ള ധാരണാ പത്രം മർകസ് പ്രതിനിധികളായ ടി.പി സുബൈർ നൂറാനി , ഡോ മുജീബ് എന്നിവർ ശൈഖ് അബ്ദുൽ അസീസ് അക്കാദമി ഫൗണ്ടിങ് ചെയർമാൻ അയൂബ് ഖാന് കൈമാറുന്നു
ചെച്നിയയിൽ മർകസ് ഓഫ് കാമ്പസ് ആരംഭിക്കുന്നതിനുള്ള ധാരണാ പത്രം മർകസ് പ്രതിനിധികളായ ടി.പി സുബൈർ നൂറാനി , ഡോ മുജീബ് എന്നിവർ ശൈഖ് അബ്ദുൽ അസീസ് അക്കാദമി ഫൗണ്ടിങ് ചെയർമാൻ അയൂബ് ഖാന് കൈമാറുന്നു
SHARE THE NEWS

കോഴിക്കോട്:  മർകസിലെ പ്രധാന അക്കാദമിക സ്ഥാപനങ്ങളിലൊന്നായ  പൂനൂർ   മദീനത്തുന്നൂർ കോളേജ് ഓഫ് ഇസ്‌ലാമിക് സയൻസിന്റെ ഓഫ് കാമ്പസ് ചെച്നിയയിൽ ആരംഭിക്കുന്നു. ചെച്നിയയുടെ തലസ്ഥാനമായ ഗ്രോസ്‌നിയയിൽ പ്രവർത്തിക്കുന്ന പ്രമുഖ ഇസ്‌ലാമിക അക്കാദമിക സ്ഥാപനമായ ശൈഖ് അബ്ദുൽ അസീസ് അക്കാദമിയുമായി സഹകരിച്ചാണ്  ബഹുമുഖ സൗകര്യങ്ങളുള്ള  സ്ഥാപനം നിർമിക്കുന്നത്. ഈ വർഷം സെപ്തംബർ മുതൽ സ്ഥാപനം പ്രവർത്തനമാരംഭിക്കും.
    ചെച്നിയയിലെ വിവിധ ഇസ്‌ലാമിക- അക്കാദമിക സ്ഥാപങ്ങളിൽ നിന്ന് സ്‌കൂൾ പഠനവും മദ്രസ പ്രാഥമിക തലവും പൂർത്തിയാക്കിയവരിൽ നിന്ന് മിടുക്കരായ വിദ്യാർത്ഥികളെ തെരഞ്ഞെടുത്താണ് ഇവിടെ പഠിപ്പിക്കുക. മദീനത്തുന്നൂർ കാമ്പസിൽ വികസിപ്പിച്ചെടുത്ത  സിലബസ്  ഇംഗ്ലീഷ്, അറബി, ചെചൻ ഭാഷകളിലയാണ് വിദ്യാർത്ഥികൾക്ക് പഠിക്കാൻ നൽകുക. ഗ്രോസിനിയയിലെ ശൈഖ് അബ്ദുൽ അസീസ് അക്കാദമിയിൽ നടന്ന   ചടങ്ങിൽ മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് പത്രം കൈമാറൽ നടന്നു. മർകസിനെ പ്രതിനിധീകരിച്ചു ഡോ. മുജീബ്, ടി.പി  സുബൈർ നൂറാനി എന്നിവരും ചെചൻ അക്കാദമിയെ പ്രതിനിധീകരിച്ചു സ്ഥാപന ചെയർമാൻ അയൂബ് ഖാൻ, ചെച്നിയന് മുഫ്‌തിയുടെ അഡ്വൈസറായ ശൈഖ് അഹമ്മദ് എന്നിവർ ചടങ്ങിൽ  പങ്കെടുത്തു.
        രാഷ്ട്രാന്തര തലത്തിൽ മർകസിന്റെ അക്കാദമിക പ്രവർത്തനം വിപുലമാക്കുന്നതിന്റെ  ഭാഗമായാണ് ചെച്നിയയിൽ സ്ഥാപനം ആരംഭിക്കുന്നത്. 2016ഇൽ  ചെച്നിയൻ പ്രസിഡന്റ് റമദാൻ കാദ്യറോവിന്റെ അതിഥികളായി  മർകസ് ചാൻസലർ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും, ഡയറക്ടർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരിയും ഗ്രോസ്‌നിയയിലെത്തിയ സന്ദർഭത്തിൽ ആ രാജ്യത്തെ  പ്രമുഖ അക്കാദമിക പണ്ഡിതരാണ്‌  മർകസ് കാമ്പസ് ചെച്നിയയിൽ ആരംഭിക്കാൻ അഭ്യർത്ഥിച്ചത്. അക്കാദമിക കരാറിന്റെ ഭാഗമായി ചെച്നിയയിലെ വിദ്യാർത്ഥികൾക്ക് മദീനത്തുന്നൂർ കാമ്പസിലും, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചെച്നിയൻ കാമ്പസിലും പഠിക്കാൻ അവസരങ്ങളൊരുക്കാനും ധാരണയായിട്ടുണ്ട്. ചെച്നിയയിൽ അക്കാദമിക വർഷം തുടങ്ങുന്ന   സെപ്തംബർ ആദ്യവാരം മുതൽ മർകസ് നടത്തുന്ന    വിവിധ അക്കാദമിക പ്രോഗ്രാമുകൾ ചെച്നിയയിൽ ആരംഭിക്കും. റഷ്യൻ റിപ്പബ്ലിക്കിലെ കൂടുതൽ സ്ഥലങ്ങളിൽ മർകസ് സ്ഥാപനങ്ങൾ ആരംഭിക്കാനും ധാരണയായിട്ടുണ്ട്.
      മർകസിന്റെ അക്കാദമികമായ ചലനാത്മകതയും, സ്ഥാപനം മുന്നോട്ടു വെക്കുന്ന ഇസ്‌ലാമിന്റെ ശരിയായ ജ്ഞാന വ്യവസ്ഥയും വിശ്വാസസംഹിതയും ലോകത്തെ ആകർഷിക്കുന്നുവെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. സഊദി അറേബ്യ, യു.എ.ഇ, മലേഷ്യ, ന്യൂസിലാൻഡ്, ഫിജി, ബ്രിട്ടൻ, തുർക്കി, ഈജിപ്‌ത്‌, ടുണീഷ്യ  തുടങ്ങിയ രാജ്യങ്ങളിലെല്ലാം മർകസിന്റെ വിവിധ തരത്തിലുള്ള അക്കാദമിക സംവിധാനങ്ങൾ പ്രവർത്തിക്കുന്നു. ഒരു ആഗോള സ്ഥാപനം എന്ന നിലയിൽ അക്കാദമികവും ഭൗതികവുമായ തികവോടെ മുന്നേറ്റങ്ങൾ സൃഷ്ടിക്കുകയാണ് മർകസെന്നും ചെച്നിയയിൽ സ്ഥാപനം ആരംഭിക്കുന്നത് ഇതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

SHARE THE NEWS